സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകൾ , 5 മരണം;കര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

By :  Devina Das
Update: 2026-06-16 09:53 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 70 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു എന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജനുവരി മുതൽ ജൂൺ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകൾ 146 ആണ്. ഇതിൽ അഞ്ചുപേർ രോഗം ബാധിച്ച് മരിച്ചു. ഇതിൽ ഒരാൾ മാർച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല മരണം സംഭവിച്ചത്. കോഴിക്കോടും മലപ്പുറത്തും രണ്ടു മരണങ്ങളുണ്ടായിയെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച അവലോകനം നടത്തിയപ്പോൾ രണ്ടു കുട്ടികളുടെ നില ഗുരുതരമായിരുന്നു. അതിലൊരു കുട്ടിയാണ് ഇന്നലെ മരിച്ചത്. നിപ ബാധിച്ച് ചികിത്സയിലുള്ള ആൾക്കു മാത്രമേ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതുവരെ 38 പേർക്ക് പരിശോധന നടത്തി. ഇതിൽ 37 പേരും നെഗറ്റീവ് ആണ്.

പകർച്ചവ്യാധികളുടെ സംഖ്യ ഇത്തവണ കൂടുതലാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഇതും പകർച്ചവ്യാധി പടരാൻ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പും, പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും ഇലക്ഷൻ മൂഡിലായി. അത് ശുചീകരണ പ്രവർത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായി എന്നും മന്ത്രി മുരളീധരൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ അടക്കം എല്ലാവർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്.പകർച്ചവ്യാധി വ്യാപനം കണക്കിലെടുത്ത് പരിശോധനകൾ ആരോഗ്യവകുപ്പ് കുറേക്കൂടി വിപുലമാക്കിയിട്ടുണ്ട്. രോഗപ്പകർച്ച, രോഗവ്യാപനം, രോഗപ്രതിരോധം തുടങ്ങിയവ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേർന്നു. പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപ്പവർ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. പകർച്ചപ്പനി നിയന്ത്രിക്കാൻ വേണ്ടി കലണ്ടർ തയ്യാറാക്കും. ഓരോ സീസണിലും വരാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.പകർച്ചപ്പനി പ്രതിരോധത്തിന് സർക്കാരിന് മാർഗനിർദേശങ്ങൾ നൽകാനുള്ള ഹൈപ്പവർ കമ്മിറ്റിയുടെ ചെയർമാൻ, ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റായ ഡോ. എസ്എസ് ലാൽ ആണ്. പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് കോർഡിനേറ്ററും, ഡോ. ശ്രീജിത്ത് എൻ കുമാർ കൺവീനറുമാകും. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാർ കമ്മിറ്റിയിൽ അംഗങ്ങളാകുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.

Similar News