കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം ;ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

By :  Devina Das
Update: 2026-05-16 05:36 GMT

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ചു. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ പേരാമ്പ്ര ചെറുവണ്ണൂരിൽ വച്ചായിരുന്നു അപകടം.കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ലാലു പെട്ടെന്ന് പുറത്തിറങ്ങി. ഇതിനിടെ കാർ പെട്ടെന്ന് ലോക്കായതിനാൽ ഗർഭിണിയായ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് വലിയ സ്‌ഫോടന ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർഫോഴ്‌സ് എത്തി പൂർണ്ണമായും തീ അണച്ചതിന് ശേഷമാണ് കാറിന്റെ പിൻസീറ്റിൽ നിന്ന് സോനയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലാലുവിനെ സമീപത്തെ വയൽക്കരയിലുള്ള തോട്ടിൽ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. അപ്പോഴും വസ്ത്രം കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു.

Similar News