സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മുഖം ; ജനസേവാ കേന്ദ്രങ്ങളാക്കും,രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് മാറ്റം കൊണ്ടുവരുന്നതിനായും മയക്ക് മരുന്ന് വിപണനം കാര്യക്ഷമമായി തടയുന്നതിനും ലക്ഷ്യമിട്ട് നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും മാറ്റം കൊണ്ടുവരും. സ്റ്റേഷനുകളിൽ ആര് കടന്നുവന്നാലും ആദ്യം ഗുഡ്‌മോണിങ് പറയും. നമസ്‌കാരം പറയും. അവരെ സ്വീകരിച്ച് ഇരുത്തി അവരുടെ പരാതികൾ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.പൊലീസ് സ്റ്റേഷനുകൾ വൃത്തിയായി സൂക്ഷിക്കും. സ്റ്റേഷനുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും. ഇതിന് പൊലീസ് ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ മാറ്റം ഉണ്ടാവും. സ്റ്റേഷനുകളിൽ വരുന്നവരെ കുറ്റവാളിയായി കാണാതെ അവർ പറയുന്നത് സമചിത്തതയോടെ കേൾക്കാനും അത് പരിഹരിക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ട്. പൊലീസ് സ്റ്റേഷൻ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.