പിണറായി വിജയൻറെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

By :  Devina Das
Update: 2026-05-22 05:16 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നൽകിയിരുന്ന z+ സുരക്ഷ ഒഴിവാക്കി. നിലവിൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുൻമുഖ്യമന്ത്രി എന്നീ പരിഗണനകൾ വെച്ച് നൽകുന്നത്. ഇതോടെ ഗൺമാൻമാർ കൂടെയുണ്ടാവില്ല.ഗൺമാനെ പിൻവലിച്ചതോടെ രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോർട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വർധിപ്പിക്കണോ എന്ന കാര്യത്തിൽ ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ കമ്മിറ്റി തീരുമാനിക്കും.നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെയാണ് പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവാക്കിയത്. സന്ദീപ് തിരികെ പൊലീസിലേക്ക് മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ നൽകിയ അതിസുരക്ഷ പൂർണമായി പിൻവലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്.

കേസിൽ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥൻ അനിൽകുമാർ പിണറായിക്കൊപ്പം തുടരുകയാണ്.2023 ഡിസംബർ 15നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധത്തിനെത്തിയ കെഎസ്‌യു പ്രവർത്തകരെ വടികൊണ്ട് തല്ലിയത്. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസ് അന്വേഷിക്കാൻ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ പി ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയാരുന്നു. ഈ കേസിലെ സാക്ഷിമൊഴികൾ ഇന്ന് മുതൽ അന്വേഷണ സംഘം രേഖപ്പെടുത്തും. അതേസമയം വീഴ്ചപറ്റിയതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

Similar News