ശബരിമലയിൽ തിരക്ക് തുടരുന്നു: ഇന്നലെ മാത്രം ദർശനം നടത്തിയത് 87,493 പേർ

Pilgrim Rush continues at Sabarimala

By :  Valsa Mani
Update: 2025-11-27 04:37 GMT

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസൺ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ശബരിമല സന്നിധാനത്ത് ഭക്തസമ്പർക്കം കുറയുന്ന ലക്ഷണമില്ല.


സ്പോട്ട് ബുക്കിംഗ് 5,000 ആയി പരിമിതപ്പെടുത്തിയിട്ടും ബുധനാഴ്ച (നവംബർ 26) മാത്രം 87,493 തീർഥാടകർ എത്തി ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 8 മണി വരെ 31,395 പേർ കൂടി സന്നിധാനത്ത് എത്തിച്ചേർന്നു. നിലക്കൽ, പമ്പ, മരക്കൂട്ടം ഭാഗങ്ങളിൽ ഇപ്പോഴും ഭക്തരുടെ നീണ്ട നിരകൾ കാണാം. മണിക്കൂറിൽ ശരാശരി 4,000 ഭക്തജനങ്ങൾ വരെ സന്നിധാനത്ത് എത്തുന്നുണ്ടെന്നാണ് കണക്ക്.


ഇന്നലെ ദർശന ക്യൂ മരക്കൂട്ടം വരെ നീണ്ടുനിന്നു. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ഭൂരിഭാഗം ഭക്തർക്കും അയ്യപ്പദർശനം സാധ്യമായത്. തിരക്ക് കണക്കിലെടുത്ത് നിലക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ച് തിരിച്ചുമാത്രമാണ് തീർഥാടകരെ മുകളിലേക്ക് കയറ്റിവിടുന്നത്.


തിരക്കിന്റെ തോത് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് എണ്ണം കുറയ്ക്കാനോ വർധിപ്പിക്കാനോ ദേവസ്വം ബോർഡിന് അധികാരമുണ്ട്. ഹൈക്കോടതി ഇതിന് മുമ്പ് അനുമതി നൽകിയിരുന്നു. ഓരോ സമയത്തെയും സാഹചര്യം ദേവസ്വം ബോർഡും പോലീസും ചേർന്ന് വിലയിരുത്തിയ ശേഷമാണ് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്.


അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് ശബരിമലയിലെത്തും. എരുമേലിയിൽ ഇന്ന് തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട അവലോകനയോഗവും ചേരും.

Tags:    

Similar News