പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു; ലിറ്ററിന് 90 പൈസ കൂട്ടി
ന്യൂഡൽഹി: നാല് ദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വില വർധനയാണിത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്നാണ് വീണ്ടും വില വർധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികൾ പറയുന്നത്. കൊച്ചിയിൽ പെട്രോൾ വില 109.73 രൂപയായി. 98.63 രൂപയാണ് പുതുക്കിയ ഡീസൽ വില.ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 97.77 രൂപയിൽ നിന്ന് 98.64 രൂപയായി ഉയർന്നു. ഡീസലിന് മുൻപുണ്ടായിരുന്ന 90.67 രൂപയിൽ നിന്ന് ഇപ്പോൾ 91.58 രൂപയായാണ് വർധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചത്. മുംബൈയിൽ പെട്രോൾ വില 91 പൈസ വർദ്ധിച്ച് ലിറ്ററിന് 107.59 രൂപയായും ഡീസൽ വില 94 പൈസ വർദ്ധിച്ച് 94.08 രൂപയായും ഉയർന്നു.കൊൽക്കത്തയിൽ 96 പൈസയാണ് വർധിച്ചത്. പെട്രോൾ വില ലിറ്ററിന് 109.70 രൂപയായി. ഇവിടെ ഡീസൽ വില 94 പൈസ വർദ്ധിച്ച് 96.07 രൂപയിലെത്തി. ചെന്നൈയിൽ പെട്രോൾ വില 82 പൈസ വർദ്ധിച്ച് ലിറ്ററിന് 104.49 രൂപയായും ഡീസൽ വില 86 പൈസ വർദ്ധിച്ച് 96.11 രൂപയായും ഉയർന്നു.