പെരിയ ഇരട്ട കൊലക്കേസ് ;നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു

By :  Devina Das
Update: 2026-05-30 09:23 GMT

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ചട്ടങ്ങൾ ലംഘിച്ച് പ്രതികൾക്ക് കൂട്ടപരോൾ അനുവദിച്ചത് വലിയ രീതിയിൽ വിവാദമായിരുന്നു . ഇതിനു പിന്നാലെയാണ് ഇത്തരത്തിൽ നടപടി ഉണ്ടായിരിക്കുന്നത് .

കേസിലെ ആറ് പ്രതികൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പരോൾ വിവാദമായത്. അഞ്ച് പ്രതികൾ മെയ് 18-നും ഒരു പ്രതി മേയ് 20-നുമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുൻപാണ് പ്രതികൾക്ക് അനുകൂലമായ പരോൾ നടപടികൾ ഉണ്ടായത്. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരോൾ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് നിലവിൽ പരോൾ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കാണ് പരോൾ.

Similar News