കടക്ക് പുറത്ത് ;യു ഡി എഫ് തരംഗത്തിൽ തകർന്നടിഞ്ഞു 'കപ്പലും കപ്പിത്താനും'

By :  Devina Das
Update: 2026-05-04 07:06 GMT

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടൈണ്ണലിന്റെ മണിക്കുറുകൾ പിന്നിടുമ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം. നൂറിലധികം സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. ഭരണത്തുടർച്ച പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ എൽഡിഎഫ് 40ൽ താഴെ സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. എൽഡിഎഫിനെ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാംറൗണ്ടിലും പിന്നിൽ പോയി. ഇത്തവണ അക്കൗണ്ട് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച എൻഡിഎ ഇപ്പോൾ ഒരു മണ്ഡലത്തിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. നേമത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ലീഡ് ചെയ്യുന്നത്.നിലവിൽ പത്തുമന്ത്രിമാർ പിന്നിലാണ്. ഇടതുകോട്ടയിൽ വരെ കടന്നുകയറിയാണ് യുഡിഎഫിന്റെ പടയോട്ടം. അഞ്ചു ജില്ലകൾ തൂത്തുവാരിയാണ് യുഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. എറണാകുളം, ഇടുക്കി, വയനാട്, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലാണ് മുഴുവൻ സീറ്റുകളിലും യുഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. എപ്പോഴും ഇടതിനെ കാക്കുന്ന കൊല്ലത്ത് 11 സീറ്റുകളിൽ 9 ഇടത്തും യുഡിഎഫ് ആണ് മുന്നിട്ടുനിൽക്കുന്നത്. കോട്ടയത്ത് 9 സീറ്റുകളിൽ എട്ടിടത്തും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.

തപാൽ വോട്ടുകൾ എണ്ണുന്ന ഘട്ടത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കഥ മാറുന്ന കാഴ്ചയാണ് കണ്ടത്. പതുക്കെ പതുക്കെ യുഡിഎഫ് കുതിക്കുന്നതാണ് പിന്നീട് ദൃശ്യമായത്. ലീഡ് നില 90 കടന്നതോടെ യുഡിഎഫിന് അനൂകൂലമായ ട്രെൻഡ് നടന്നതായുള്ള വിലയിരുത്തൽ വന്നു. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് കണക്കുകൂട്ടൽ.

Similar News