ശബരിമല സ്വർണക്കൊള്ള വിഷയ ബഹളത്തിൽ നിയമസഭ പിരിഞ്ഞു: പ്രതിപക്ഷം 'പോറ്റിയേ കേറ്റിയേ' പാടി, ഭരണപക്ഷം അതിൻ്റെ പാരഡിയുമായി തിരിച്ചടിച്ചു
Niyamasabha adjourned over furore regarding Sabarimala gold theft case with both sides singing "Pottiye kettiye"
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വൻ പ്രതിഷേധവും ബഹളവും ഉയർന്നതിനെ തുടർന്ന് സഭ പിരിഞ്ഞു.
ദേവസ്വം മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തി.
പാരഡി പാട്ടുകൾ പാടിയാണ് ഇരുപക്ഷവും പരസ്പരം പോരടിച്ചത്. സഭാ ചട്ടങ്ങൾ പാലിക്കാതെ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാതെ ബഹളം വയ്ക്കുന്നത് ഭീരുത്വമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി എം. ബി. രാജേഷ് വിമർശിച്ചു. വിഷയത്തിൽ നിന്ന് ഒളിച്ചോടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധയാകർഷിക്കുന്നതിനിടെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് ബാനറുകൾ പിടിച്ചാണ് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങിയത്.'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് ഉൾപ്പെടെയുള്ള പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. 2024-25 കാലയളവിൽ ശബരിമലയിൽ ഗുരുതരമായ ക്രമക്കേടുകൾ ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.
എസ്‌ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് സ്പീക്കറെ അറിയിച്ചു.
അതേസമയം, അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഭയന്നാണ് പ്രതിപക്ഷം ബഹളം വയ്ക്കുന്നതെന്ന് മന്ത്രി എം. ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷം ചർച്ചയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കർ മറ്റു നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം ബഹളം ശക്തമാക്കി. 'പോറ്റിയേ കേറ്റിയേ' പാട്ട് സഭയിൽ പ്രതിപക്ഷം പാടി. ഇതിനോട് പ്രതികരിച്ച് ഭരണപക്ഷവും നടുത്തളത്തിലേക്കടുത്ത് മുദ്രാവാക്യങ്ങൾ വിളിച്ചു.
'സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ' എന്ന പാട്ടുമായി ഭരണപക്ഷം രംഗത്തെത്തി. മന്ത്രി വി. ശിവൻകുട്ടി മൈക്കിലൂടെ പാട്ട് പാടിക്കൊടുത്തു.ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കുള്ള ബന്ധവും ഭരണപക്ഷം സഭയിൽ ഉന്നയിച്ചു. സംശയമുള്ളവർ സോണിയാ ഗാന്ധിയുടെ വീട്ടിൽ പോയി ചോദിക്കണമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. സോണിയാ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പോറ്റി രണ്ടുതവണ സോണിയാ ഗാന്ധിയുടെ വീട്ടിൽ പോയില്ലേ, കൈയിൽ സ്വർണം കെട്ടിക്കൊടുത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. ആരാണ് പോറ്റിയെ സോണിയയുടെ അടുത്തേക്ക് കൊണ്ടുപോയതെന്ന ചോദ്യത്തോടെ പ്രതിപക്ഷം ബഹളം കൂട്ടി.
അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാതെ ബഹളം വയ്ക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ എ. എൻ. ഷംസീർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന് സഭ ചേരുന്നതിൽ താൽപര്യമില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ സഭ ചേരുന്നത് ഒഴിവാക്കി ചൊവ്വാഴ്ച ചേരുന്നതാണ് ഉചിതമെന്നും അദ്ദേഹം നിർദേശിച്ചു.
ഇതോടെ സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. പിന്നീട് ഇരുപക്ഷവും മുദ്രാവാക്യങ്ങൾ വിളിച്ച് സഭയ്ക്ക് പുറത്തും പ്രതിഷേധം തുടർന്നു.