ലോകത്തെ പ്രമുഖ ടെക് കമ്പനിയായ മെറ്റയില്‍ കൂട്ട പിരിച്ചുവിടല്‍;പുലര്‍ച്ചെ 4 മണിക്ക് മെറ്റയില്‍ ജോലിപോയത് 8000 പേര്‍ക്ക്
കാലിഫോർണിയ : ലോകത്തെ പ്രമുഖ ടെക് കമ്പനിയായ മെറ്റയിൽ കൂട്ട പിരിച്ചുവിടൽ. പിരിച്ചുവിടലുകൾക്ക് പിന്നിൽ എഐ പുനസജീകരണമാണെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഏകദേശം 78,000 ജീവനക്കാരുണ്ടായിരുന്ന മെറ്റയിൽ നിന്ന് ഇനിയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജീവനക്കാരോട് ആദ്യം 'വർക്ക് ഫ്രം ഹോം' എടുക്കാൻ നിർദേശിച്ചതിനു പിറകേയാണ് പിരിച്ചുവിടുന്നതായുള്ള സന്ദേശം നൽകിയത്. പുലർച്ചെ 4 മണിയോടെയാണ് ഇമെയിലുകൾ ലഭിച്ചതെന്ന് ജോലിനഷ്ടമായ ജീവനക്കാർ പറയുന്നു.
മെറ്റയിൽ ഏകദേശം 8,000 ജീവനക്കാരെ, അതായത് ആകെ ജീവനക്കാരുടെ 10 ശതമാനത്തെ, ബാധിക്കുന്ന പിരിച്ചുവിടലാണ് ആരംഭിച്ചത്. സിംഗപ്പൂർ ഹബ്ബിലാണ് നടപടികളുടെ തുടക്കം. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാർക്കും ഓഫീസിൽ വരേണ്ടതില്ല എന്ന നിർദേശം നൽകിയിട്ടുണ്ട്.
'ഏകദേശം 7,000 ജീവനക്കാരെ പുതിയ എഐ ടീമുകളിലേക്ക് മാറ്റും. 6000 തൊഴിൽ മേഖലകൾ പൂർണമായും ഒഴിവാക്കി. മാനേജ്‌മെന്റ് ലെവലിൽ ചെറിയ ടീമുകളായി പ്രവർത്തിക്കുന്ന പുതിയ ഘടനയിലേക്കാണ് മെറ്റ മാറുന്നതെന്ന്' കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയിൽ വ്യക്തമാക്കി.മെറ്റ സിഇഒ മാർക്ക് സക്കർബർഗ് കമ്പനിയുടെ പ്രധാന ഭാവി നിക്ഷേപ മേഖലയായി നിർമിത ബുദ്ധിയെ പ്രഖ്യാപിച്ചിട്ടുണ്ട്. 2026ൽ മാത്രം എഐ വികസനത്തിനും ഇൻഫ്രാസ്ട്രക്ചറിനുമായി 125 മുതൽ 145 ബില്യൺ ഡോളർ വരെ ചെലവഴിക്കാൻ മെറ്റ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.മുന്നറിയിപ്പില്ലാതെ പെട്ടന്നുള്ള പിരിച്ചുവിടലിൽ ജീവനക്കാർ കടുത്ത പ്രതിസന്ധി രേഖപ്പെടുത്തി. ജീവനക്കാരുടെ മൗസ് മൂവ്‌മെന്റും കീബോർഡ് പ്രവർത്തനങ്ങളും നിരീക്ഷിക്കുന്ന എഐ ട്രാക്കിങ് സംവിധാനത്തിനെതിരായ പ്രതിഷേധ ഹർജിയിലും ആയിരത്തിലധികം ജീവനക്കാർ ഒപ്പുവെച്ചിട്ടുണ്ട്.
മെറ്റക്കു പുറമേ എഐ അധിഷ്ഠിതമായ ലോകത്തെ നിരവധി ടെക് കമ്പനികളിലും സമാനമായ പുമക്രമീകരണങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.