കുളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന്, മലയാളി യുവാവ് അയർലൻഡിൽ അന്തരിച്ചു

Malayali Man Succumbs to Heart Attack While Bathing In Dublin, Ireland

By :  Valsa Mani
Update: 2025-11-27 13:05 GMT

ഡബ്ലിൻ: ഡബ്ലിനിലെ (അയർലൻഡ്) മയോ കൗണ്ടിയിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. പെരുമ്പാവൂർ താലൂക്കിൽ കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി തെക്കുംകുടി വീട്ടിൽ ബേസിൽ വർഗീസ് (39) ആണ് നവംബർ 25-ാം തീയതി രാത്രി മരണപ്പെട്ടത്. 


കാസിൽബാർ നഗരത്തിലെ സ്വകാര്യ വസതിയിലാണ് സംഭവം. പെട്ടെന്ന് കുഴഞ്ഞുവീണ ബേസിലിന് കുടുംബാംഗങ്ങൾ ഉടൻ തന്നെ സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നു. തുടർന്ന് അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹൃദയാഘാതത്തെയാണ് മരണകാരണമായി സ്ഥിരീകരിച്ചിരിക്കുന്നത്. 


മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ കുക്കു സജിയാണ് ഭാര്യ. ദമ്പതികൾക്ക് ഒരു മകളുണ്ട്. 


ബേസിലിന്റെ ആകസ്മിക വിയോഗം അയർലൻഡിലെ മലയാളി സമൂഹത്തെയും നാട്ടിലെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. നിയമനടപടികളും മറ്റ് ഔപചാരികതകളും പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ കേരളത്തിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം സ്വദേശമായ വേങ്ങൂരിൽ വച്ച് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.


അയർലൻഡിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി ഗോഫണ്ട്മീ പ്ലാറ്റ്ഫോമിൽ ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News