ഭാഷാ വൈവിധ്യം തുളുമ്പും ;പതിനാറാം നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ്
തിരുവനന്തപുരം: പതിനാറാം നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞയിൽ ഭാഷകളുടെ വൈവിധ്യം വളരെയധികം ശ്രദ്ധേയമായി.മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളാണ് സത്യപ്രതിജ്ഞാ വേളയിൽ നിയമസഭയിൽ മുഴങ്ങിയത്. നാലുഭാഷകളിലായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്. ഇടുക്കിയിലെ ദേവികുളം എംഎൽഎ എഫ് രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് സൗത്ത് എംഎൽഎ ഫൈസൽ ബാബു, പാലാ എംഎൽഎ മാണി സി. കാപ്പൻ, മന്ത്രിമാരായ കെ. മുരളീധരൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവർ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.
ശേഷിക്കുന്ന അംഗങ്ങൾ മലയാളത്തിലും സത്യപ്രതിജ്ഞ ചെയ്തു. ഫിഷറീസ് മന്ത്രിയും മുസ്ലിം ലീഗിന്റെ കളമശ്ശേരിയിൽ നിന്നുള്ള എംഎൽഎയുമായ വി.ഇ അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന മുഴുവൻ പേരും ഉപയോഗിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. 'ജയ്ഹിന്ദ്, ജയ് സംവിധാൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. കെ.എൻ ബാലഗോപാൽ, വി.ടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഊഷ്മളമായി വരവേറ്റു. പ്രോടേം സ്പീക്കർ ജി സുധാകരന് ഹസ്തദാനം നൽകിയാണ് പിണറായി മടങ്ങിയത്.