ജെന്‍ഡര്‍ ടിക്കറ്റിങ് വിവര ശേഖരണം നിര്‍ത്തി കെഎസ്ആര്‍ടിസി

By :  Devina Das
Update: 2026-05-13 09:05 GMT

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമടക്കമുളള വിവരം ശേഖരിക്കാനുള്ള നീക്കം തൽക്കാലത്തേക്ക് നിർത്തിവച്ചു. ടിക്കറ്റ് മെഷീനുകളിൽ ജെൻഡർ ടിക്കറ്റ് നടപ്പാക്കാനുള്ള സംവിധാനം പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ സർക്കാർ അധികാരമേറ്റ ശേഷമാകും തുടർനടപടികളെന്നും സിഎംഡി പ്രമോദ് ശങ്കർ പറഞ്ഞു.സർക്കാരിന്റെ അനുമതി ഇല്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ വിമർശനം ഉയർന്നതോടെയാണ് സംവിധാനം നിർത്തിയത്. വകുപ്പ് മന്ത്രിയില്ലാതെ ഡേറ്റ ശേഖരിക്കാനുള്ള നീക്കം സർക്കാരിനെതിരെയുളള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടതും ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി. ഏത് ആവശ്യത്തിനാണ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതെന്ന് വ്യക്തമാക്കാത്ത സർക്കുലർ കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്നതും തീരുമാനം പിൻവലിക്കാൻ കാരണമായി.ഡിജിറ്റൽ വ്യക്തിവിവര സുരക്ഷ നിയമം അനുസരിച്ച് ഏതൊരു വിവരശേഖരണത്തിനും ഉദ്ദേശം, ഉപയോഗം, വിവരങ്ങൾ സൂക്ഷിക്കുന്ന കാലാവധി എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. മേയ് എട്ടിലെ ഉത്തരവിൽ ഇത്തരം വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

Similar News