കെ റെയില്‍ നടപ്പാക്കിയാൽ ട്രെയിന്‍ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു ;വി ഡി സതീശൻ
തിരുവനന്തപുരം: കെ റെയിൽ നടപ്പാക്കിയിരുന്നുവെങ്കിൽ പാരിസ്ഥിതികമായ ദുരന്തമായി മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.കെ റെയിൽ നടപ്പാക്കിയിരുന്നുവെങ്കിൽ മൺസൂൺ തുടങ്ങിയാൽ ട്രെയിൻ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നുവെന്നും പരിഹാസരൂപേണ വി ഡി സതീശൻ പറഞ്ഞു.'കെ റെയിൽ നടപ്പാക്കിയിരുന്നുവെങ്കിൽ പാരിസ്ഥിതികമായ ദുരന്തമായി മാറിയെനേ. 300 കിലോമീറ്റർ ദൂരം 30 അടി ഉയരത്തിൽ എംബാങ്ക്‌മെന്റ് വരുമായിരുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് എങ്ങനെയാണ്?മുകളിൽ നിന്ന് താഴേക്കാണ്.മുകളിൽ നിന്ന് നദി താഴേക്ക് പതിക്കുന്നു. 300 കിലോമീറ്റർ ദൂരം 30 അടി ഉയരത്തിൽ എംബാങ്ക്‌മെന്റ് സുസ്ഥിരമല്ല. പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമായിരുന്നു. 200 കിലോമീറ്റർ ദൂരം പത്തടി ഉയരത്തിൽ മതിൽ ആയിരുന്നു. മൺസൂൺ തുടങ്ങിയാൽ ട്രെയിൻ മാത്രമല്ല ബോട്ട് കൂടി ഓടിക്കാമായിരുന്നു.'- വി ഡി സതീശൻ പറഞ്ഞു.'യുഡിഎഫിന്റെ സബ് കമ്മിറ്റി പഠിച്ച് വിവിധ തലങ്ങളിലുള്ളവരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് നടപ്പാക്കരുത് എന്ന് പറയുന്നത്. മുൻ സർക്കാർ പദ്ധതി വഴിയിൽ ഉപേക്ഷിച്ചു. പക്ഷേ ആ വിജ്ഞാപനം ഇപ്പോഴും കിടക്കുകയാണ് ശിക്ഷ പോലെ. സമരം ചെയ്ത പാവങ്ങൾക്കുള്ള ശിക്ഷ പോലെ കിടക്കുന്നു. പദ്ധതി വേണ്ടെന്ന് വച്ചാൽ ഡീനോട്ടിഫൈ ചെയ്യാൻ ഒരു ഉത്തരവ് ഇറക്കിയാൽ മതിയായിരുന്നു. മകളുടെ കല്യാണത്തിന് സ്ഥലം പണയം വെയ്ക്കാൻ പോലും കഴിയാത്ത പാവങ്ങൾ ഉണ്ടായിരുന്നു. പുതുയുഗ യാത്രയുമായി പോയപ്പോൾ നിരവധി പരാതികൾ ലഭിച്ചു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കെ റെയിൽ പദ്ധതി റദാക്കിയത്'- വി ഡി സതീശൻ വ്യക്തമാക്കി.