‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ...’; വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം :കേരളത്തിന് ഇനി പുതിയ ഭരണസാരഥ്യം. ജനാരവങ്ങൾക്കിടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്.പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഡിഎഫ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. ഇതിൽ മുഖ്യമന്ത്രിയടക്കം 14 പേർ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എപി അനിൽകുമാർ, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് മന്ത്രിമാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്.