"ഓപ്പറേഷന്‍ തൂഫാന്‍" പദ്ധതിക്ക് രൂപം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

By :  Devina Das
Update: 2026-05-23 09:03 GMT

തിരുവനന്തപുരം :സ്‌കൂളുകൾ ജൂൺ ഒന്നുമുതൽ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെ മയക്കുമരുന്ന് മാഫിയ പരമാവധി ചൂഷണം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട് ഓപ്പറേഷൻ തൂഫാൻ നർക്കോ ഹണ്ട് എന്ന പേരിൽ പുതിയ പദ്ധതിക്ക് രൂപം നൽകിയതായി രമേശ് ചെന്നിത്തല അറിയിച്ചു. മയക്കുമരുന്നിന്റെ വേര് അറക്കുക എന്ന ലക്ഷ്യമിട്ട് കേരള പൊലീസ് വരുംദിവസങ്ങളിൽ അതിശക്തമായ ഓപ്പറേഷൻ നടത്തും. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കേരള പൊലീസ് നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും. സ്റ്റുഡൻസ് പൊലീസിന് കൂടുതൽ പ്രാധാന്യം നൽകും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരും. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരിശീലനം നൽകും. സൈബർ കുറ്റകൃത്യം ഗൗരവത്തോടെ കാണുന്നു. സാങ്കേതികമായ പരിമിതികൾ ഉണ്ട്. സൈബർ ക്രൈം നേരിടുന്നതിന് പ്രത്യേക സൗകര്യങ്ങൾ കൊണ്ട് വരും. ഓപ്പറേഷൻ കുബേരയിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Similar News