മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ ;സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി
കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ വീണ്ടും പ്രതിഷേധം. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകായായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്.
ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണിയിലുള്ളത്. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാല് വർഷം മുമ്പാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150-ലധികം പൊലീസുകാരും, ജെസിബി, ആംബുലൻസ് സംവിധാനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. നടപടികൾ നിർത്തിവെക്കാൻ ഡിജിപിക്ക് ആഭ്യന്തരമന്ത്രി നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.