മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപ്പാക്കണം ;ഹൈക്കോടതി; രണ്ടാഴ്ച സാവകാശം അനുവദിച്ചു

By :  Devina Das
Update: 2026-05-25 06:54 GMT

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പരിയത്തു കാവിൽ കുടിയൊഴിപ്പിക്കൽ നടപ്പാക്കണമെന്ന് ഹൈക്കോടതി . മറ്റു മാർഗമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി . മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ സുപ്രീം കോടതി വിധി നടപ്പാക്കണം. അതു നടപ്പാക്കാതെ മറ്റു മാർഗമില്ല. കോടതി വിധിയെ സർക്കാർ ബഹുമാനിക്കണം. കുടിയൊഴിപ്പിക്കലിൽ സാങ്കേതികത്വം പറയുകയല്ല സർക്കാർ ചെയ്യേണ്ടത്. കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.തർക്കസ്ഥലത്തെ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ ദലിത് വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം അവിടെ താമസിക്കണമെങ്കിൽ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഈ അവകാശം സ്ഥാപിച്ചെടുക്കാനായി അവർ നിയമവഴി സ്വീകരിച്ചിട്ടില്ല. കോടതിയെ സമീപിക്കാത്തിടത്തോളം കാലം കുടിയൊഴിപ്പിക്കൽ തടയാനാകില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.അതേസമയം, ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിൽ സർക്കാർ കൂടുതൽ സാവകാശം ഹൈക്കോടതിയിൽ തേടി. ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറൽ ജാജു ബാബു കോടതിയെ അറിയിച്ചു. തുടർന്ന് സർക്കാരിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി, രണ്ടാഴ്ച സാവകാശം അനുവദിച്ചു. മലയിടംതുരുത്തിലെ കുടുംബങ്ങളെ മെയ് 26 നകം കുടിയൊഴിപ്പിക്കണമെന്നാണ് ജസ്റ്റിസ് ടി ആർ രവി നേരത്തെ ഉത്തരവിട്ടിരുന്നത്. അഭിഭാഷക കമ്മീഷൻ കഴിഞ്ഞദിവസം മലയിടംതുരുത്തിൽ കുടുയൊഴിപ്പിക്കാനെത്തിയപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

Similar News