ഇന്ന് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ മൂന്നാമതൊരു ചക്രവാതച്ചുഴി കൂടി നിലനിൽക്കുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയിൽ നിന്ന് കേരളം, തെക്കൻ തമിഴ്‌നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.