തെരഞ്ഞെടുപ്പിലെ കനത്ത തോൽവി ; സിപിഎം നേതൃയോഗങ്ങളില്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സിപിഎം നേതൃയോഗങ്ങളിൽ പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം തുടരുന്നു. പിണറായി വിജയൻ സ്തുതിപാഠകരുടെ പിടിയിലാണ്. വ്യക്തി പൂജ അടങ്ങിയ തിരുവാതിര പിണറായി ആസ്വദിക്കുന്ന അവസ്ഥയിലെത്തിയെന്നും കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു.കൊല്ലത്തു വന്നാൽ പിണറായി വിജയന് ഒരു നേതാവിനെ മാത്രമാണ് ഇഷ്ടം. ബാക്കി അംഗങ്ങൾക്കെല്ലാം തീണ്ടലാണെന്നും ഒരു പ്രതിനിധി കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു നേരെയും രൂക്ഷ വിമർശനം ഉയർന്നു. കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദൻ ഇല്ലാതാക്കി. ഏകാധിപതികളെപ്പോലെ പെരുമാറുന്ന നേതാക്കൾ പാർട്ടിക്ക് ശാപമായി മാറിയെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പി കെ ശ്യാമള ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലാത്ത നേതാവാണ്. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണ്. അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാർക്കും. തോൽവി മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർത്ഥിയെ മാറ്റിയില്ലെന്നും ഏരിയാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും വിമർശനമുണ്ടായി. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്ത ആൾ ജില്ലാ സെക്രട്ടറി ആയതാണ് ജില്ലയിലെ പാർട്ടിയുടെ പരാജയത്തിന് കാരണമായത്. ഹാപ്പിനെസ് ഫെസ്റ്റിവൽ സംഘാടനത്തിൽ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടായെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂക്കി വന്ന അമൂൽ ബേബിയാണെന്ന് തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയോഗത്തിൽ വിമർശനം ഉയർന്നു.കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കിൽ പാർട്ടിയുടെ അന്ത്യം കാണുമെന്നും അംഗങ്ങൾ പറഞ്ഞു.