ഗവര്‍ണറുടെ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനം ;നയപ്രഖ്യാപനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
തിരുവനന്തപുരം: കോൺഗ്രസ്സ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമായി മാറി. കേന്ദ്ര സർക്കാരിന്റെ അവഗണയെക്കുറിച്ച് സർക്കാർ മൗനം പാലിച്ചു. പ്രധാന പദ്ധതികളെക്കുറിച്ച് പ്രഖ്യാപനമില്ല. കുടുംബശ്രീ, കിഫ്ബി തുടങ്ങിയവയിലും മൗനമാണ്. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെക്കുറിച്ച് നയപ്രഖ്യാപനത്തിൽ മൗനം പാലിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.കേന്ദ്രസർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തിൽ, സംസ്ഥാന സർക്കാർ പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രത്തിൽനിന്ന് ചോദിച്ചുവാങ്ങേണ്ടതായിട്ടുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിക്കുന്നു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാനാണ് ഇടയാക്കുകയെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പ് നയപ്രഖ്യാപനത്തിൽ ഇല്ല. കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള ബ്ലൂപ്രിന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചിരുന്നു. അത് എങ്ങനെയൊക്കെയാണ് മുന്നോട്ടുപോകുക എന്നവയെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നില്ല. റിസർവ് ബാങ്ക് അംഗീകരിച്ച കണക്കനുസരിച്ച് 5429 കോടി രൂപ ഖജനാവിൽ നീക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്. പക്ഷേ ആ ഭാഗം മറച്ചുവെച്ച്, തെറ്റായ നരേറ്റീവ് സൃഷ്ടിക്കാനാണ് നയപ്രഖ്യാപനത്തിൽ ശ്രമിച്ചത്.യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും നയപ്രഖ്യാപനത്തിൽ കാണാനാകും. ഒട്ടേറെ പദ്ധതികളെക്കുറിച്ച് പരാമർശമില്ല. അതെല്ലാം കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമോ എന്ന ആശങ്കയാണ് ഉയർത്തുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുകയാണ്. ബിജെപി ഇഡിയെ വൃത്തികെട്ട രീതിയിൽ ഉപയോഗിക്കുകയാണ്. അതിൽ കോൺഗ്രസിന്റെ നിലപാട് തെറ്റാണെന്നും പിണറായി കുറ്റപ്പെടുത്തി.