ചൈനയിലെ കൽക്കരിഖനിയിലെ വാതക സ്ഫോടനം ;90 മരണം, ഒന്‍പതു പേര്‍ കുടുങ്ങിക്കിടക്കുന്നു
ബെയ്ജിങ്: ചൈനയിൽ കൽക്കരി ഖനിയിലെ വാതക സ്ഫോടനത്തിൽ 90 പേർ മരിച്ചു. ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. സ്ഫോടനസമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്നാണ് വിവരം. ഒൻപതു പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സർക്കാർ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.സമഗ്രമായ രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദേശം നൽകി. രാജ്യം പ്രളയ സീസണിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അടിയന്തര തയാറെടുപ്പുകൾ ശക്തമാക്കാനും പ്രളയ നിയന്ത്രണ, ദുരന്ത നിവാരണ നടപടികൾ ഊർജിതമാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും അദ്ദേഹം നിർദേശം നൽകി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. ഖനിയുടെ ചുമതലയുള്ള കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൈനയിലെ പ്രധാന കൽക്കരി ഖനന മേഖലയാണ് ഷാൻസി പ്രവിശ്യ. ഗ്രീസിനേക്കാൾ വലിപ്പമുള്ള ഈ പ്രവിശ്യയിൽ 3.4 കോടിയോളം ജനങ്ങളുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇവിടെനിന്ന് 130 കോടി ടൺ കൽക്കരിയാണ് ഖനനം ചെയ്തത്. ഇത് ചൈനയുടെ മൊത്തം ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരും