സ്ത്രീയാത്രക്കാർക്കായി കെഎസ്ആർടിസിയിൽ സൗജന്യയാത്ര ;പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

By :  Devina Das
Update: 2026-05-22 11:08 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീയാത്രക്കാർക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന കനത്ത വരുമാന നഷ്ടത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവന്നു. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന കടുത്ത സാമ്പത്തിക ബാധ്യതകൾ വിവിധ തട്ടുകളായി തിരിച്ച് തിട്ടപ്പെടുത്തിയ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി. കോർപ്പറേഷന്റെ ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം ചുരുങ്ങിയത് 57 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന വിദ്യാഭ്യാസ അധ്യയന വർഷം കൂടി കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്കുള്ള ഏകദേശ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആർടിസി ഇപ്പോൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.ഓർഡിനറി സർവീസുകൾക്ക് പുറമെ മറ്റ് തരം ബസുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചാൽ ബാധ്യത കടുത്ത രീതിയിൽ വർദ്ധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ഒന്നിച്ച് സൗജന്യം നടപ്പാക്കിയാൽ പ്രതിമാസ നഷ്ടം 65 കോടി രൂപയായി ഉയരും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ പൂർണ്ണമായി ഈ ആനുകൂല്യം അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന് പ്രതിമാസം 90 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടം നേരിടേണ്ടി വരും. ഇനി സംസ്ഥാനത്തെ വോൾവോ എ.സി, സ്ലീപ്പർ സർവീസുകൾ ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് യാത്രാ സൗജന്യം പൂർണ്ണമായി അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന്റെ പ്രതിമാസ വരുമാന നഷ്ടം 112 കോടി രൂപയായി കുതിച്ചുയരുമെന്നും ഗതാഗത സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Similar News