'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' ഡോ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു

Eminent ecologist Madhav Gadgil passes away

Update: 2026-01-08 03:38 GMT

പൂനെ: വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പൂനെയിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.

സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വൈകുണ്ഡ് ശ്മശാനത്തിൽ നടക്കും.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം. 'ഗാഡ്ഗിൽ കമ്മിറ്റി' എന്നറിയപ്പെടുന്ന സമിതി 2011-ൽ സമർപ്പിച്ച റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ ഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. 

രാജ്യം പദ്മശ്രീയും പദ്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു.

ആറു പതിറ്റാണ്ടുകളിലധികം നീണ്ട ശാസ്ത്രീയ ജീവിതത്തിൽ തന്നെ എപ്പോഴും 'ജനകീയ ശാസ്ത്രജ്ഞൻ' എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരോടൊപ്പം പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴത്തട്ടിലുള്ള ജനപങ്കാളിത്തം അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരത്തിന് തിരഞ്ഞെടുത്തിരുന്നു.

1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂല്‍ ചടങ്ങ് നടത്തിയില്ല. 

പൂനെ യൂണിവേഴ്സിറ്റിയിലും മുംബൈയിലും ജീവശാസ്ത്രം പഠിച്ചശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത പരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

1973 മുതൽ 2004 വരെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായിരുന്ന അദ്ദേഹം അവിടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം ആരംഭിച്ചു. സ്റ്റാൻഫോർഡിലും ബെർക്ലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലും സന്ദർശക പ്രൊഫസറായും പ്രവർത്തിച്ചു.

ജനസംഖ്യാ ശാസ്ത്രം, പരിസ്ഥിതി സംരക്ഷണം, മനുഷ്യ-പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ചരിത്രം തുടങ്ങിയ മേഖലകളിൽ 200-ലധികം ഗവേഷണ പ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചു. 2002-ലെ ഇന്ത്യൻ ബയോഡൈവേഴ്സിറ്റി ആക്ട് രൂപീകരണ സമിതിയിൽ അംഗമായിരുന്നു. പശ്ചിമഘട്ട ജൈവവൈവിധ്യ വിദഗ്ധ സമിതിയുടെ തലവനായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയായ 'പശ്ചിമഘട്ടം ഒരു പ്രണയകഥ' ശ്രദ്ധേയമാണ്.

ദേശീയ പരിസ്ഥിതി ഫെലോഷിപ്പ്, അമേരിക്കൻ ഇക്കോളജി സൊസൈറ്റിയുടെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സെന്റെനിയൽ മെഡൽ, വോൾവോ പരിസ്ഥിതി അവാർഡ്, പദ്മശ്രീ, പദ്മഭൂഷൺ, കർണാടക സർക്കാരിന്റെ രാജ്യോത്സവ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News