യുഎഇ ആണവനിലയത്തിൽ ഡ്രോൺ ആക്രമണം ;തീപിടിത്തം
ദുബൈ: യുഎഇ ആണവനിലയത്തിന്റെ അതിർത്തിയിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. യാതൊരു പ്രകോപനവുമില്ലാതെയാണ് ഭീകരാക്രമണം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യുഎസും ഇറാനും വീണ്ടുമൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.ആക്രമണത്തിൽ ആളപായമോ ആണവ വികിരണ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രായേലിൽ നിന്നുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആതിഥേയത്വം വഹിക്കുന്ന യുഎഇ, അടുത്തിടെ ഇറാൻ തങ്ങൾക്കെതിരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ആരോപിച്ചിരുന്നു. യു.എസ് നാവികസേനയുടെ ഉപരോധത്തിലുള്ള, തന്ത്രപ്രധാനമായ ഊർജ്ജ ജലപാതയായ ഹോർമൂസ് കടലിടുക്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്. ഇറാൻ എത്രയും വേഗം എന്തെങ്കിലും ചെയ്‌തേ മതിയാകൂ, അല്ലെങ്കിൽ അവരുടേതായി ഒന്നും തന്നെ ബാക്കിയുണ്ടാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിന് തൊട്ടുപിന്നാലെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധത്തിന് തുടക്കമായത്.സൗത്ത് കൊറിയയുടെ സഹായത്തോടെ യു.എ.ഇ നിർമ്മിച്ച, 20 ബില്യൺ ഡോളർ ചെലവ് വരുന്ന ബറാക്ക ആണവനിലയം 2020-ലാണ് പ്രവർത്തനസജ്ജമായത്. അറബ് ലോകത്തെ ഏക ആണവനിലയമാണിത്. ദുബായ് ഉൾപ്പെടുന്ന ഏഴ് എമിറേറ്റുകളുടെ കൂട്ടായ്മയായ യു.എ.ഇയുടെ മൊത്തം ഊർജ്ജ ആവശ്യത്തിന്റെ നാലിലൊന്ന് നൽകാൻ ഈ നിലയത്തിന് സാധിക്കും.
തീപിടുത്തം നിലയത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും 'എല്ലാ യൂണിറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും' യു.എ.ഇയുടെ ആണവ നിയന്ത്രണ അതോറിറ്റി എക്‌സിൽ വ്യക്തമാക്കി. ആക്രമണം ഒരു ഇലക്ട്രിക്കൽ ജനറേറ്ററിൽ തീപിടുത്തത്തിന് കാരണമായെന്നും, ഒരു റിയാക്ടർ ഇപ്പോൾ എമർജൻസി ഡീസൽ ജനറേറ്ററുകൾ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി അറിയിച്ചു. ഈ യുദ്ധത്തിൽ നാല് റിയാക്ടറുകളുള്ള ബറാക്ക നിലയത്തെ ലക്ഷ്യമിട്ടുള്ള ആദ്യ ആക്രമണമാണിത്. സൗദി സഖ്യകക്ഷികളുടെ ഭാഗമായി യു.എ.ഇ പോരാടിയ, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതർ, 2017-ൽ ഈ നിലയത്തിന്റെ നിർമ്മാണ വേളയിൽ ഇത് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു. എന്നാൽ അബുദാബി അന്ന് ഇത് നിഷേധിക്കുകയാണുണ്ടായത്.
അതേസമയം, ഏതൊരു പുതിയ ആക്രമണത്തെയും നേരിടാൻ ഇറാന്റെ സൈന്യം 'പൂർണ്ണ സജ്ജരാണെന്ന്' ഇറാന്റെ പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലേയ്-നിക് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ വാർത്താ അവതാരകർ തോക്കുകളേന്തി നിൽക്കുന്ന ദൃശ്യങ്ങൾ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പുറത്തുവിട്ടിരുന്നു. സൗദി അറേബ്യയുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലൂടെ മൂന്ന് ഡ്രോണുകൾ എത്തിയെന്നും അതിൽ രണ്ടെണ്ണം തടഞ്ഞുനശിപ്പിച്ചതായും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആരാണ് ഡ്രോണാക്രമണം നടത്തിയെന്നതിൽ അന്വേഷണം നടക്കുകയാണ്.