ഇറാൻ സംഘർഷം വളരെ വേഗം അവസാനിക്കും ;ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് ഡൊണാൾഡ് ട്രംപ്

By :  Devina Das
Update: 2026-05-20 06:46 GMT

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ്-ഇറാൻ സൈനിക സംഘർഷങ്ങൾ വളരെ വേഗത്തിൽ തന്നെ അവസാനിക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസുമായി ഒരു പുതിയ നയതന്ത്ര കരാറിലെത്താൻ ഇറാൻ ഇപ്പോൾ "അത്രയധികം" ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ട്രംപ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും സ്വാധീനിക്കുന്ന നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. നിലവിൽ വിപണിയിൽ ആവശ്യത്തിലധികം എണ്ണ ലഭ്യമാണെന്നും, അതിനാൽ തന്നെ വരുംദിവസങ്ങളിൽ ആഗോള വിപണിയിൽ എണ്ണവില കുത്തനെ താഴേക്ക് പതിക്കുമെന്നുംട്രംപ് പ്രവചിച്ചു.

"വിപണിയിൽ ഇപ്പോൾ എണ്ണയുടെ വലിയ ശേഖരമുണ്ട്, അതുകൊണ്ട് തന്നെ വില താഴേക്ക് പതിക്കാൻ പോവുകയാണ്. നിലവിലെ യുദ്ധം ഞങ്ങൾ വളരെ വേഗത്തിൽ അവസാനിപ്പിക്കും. ഒരു കരാറുണ്ടാക്കാൻ അവർ (ഇറാൻ) അത്രയധികം ആഗ്രഹിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ എണ്ണവില വലിയ രീതിയിൽ ഇടിയുന്നത് നിങ്ങൾക്ക് കാണാം," വാർത്താ സമ്മേളനത്തിൽ ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി. ആഗോള എണ്ണ വിപണിയിലെ വിലക്കയറ്റത്തെക്കുറിച്ച് ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിതരണത്തിലെ സമൃദ്ധി ചൂണ്ടിക്കാട്ടി ട്രംപിന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.

Similar News