മകന്റെ രാഷ്ട്രീയത്തോട് വിയോജിപ്പ് ; പിന്തുണയ്ക്കില്ലെന്ന് കോക്രോച്ച് ജനത പാര്‍ട്ടി നേതാവിന്റെ കുടുംബം

By :  Devina Das
Update: 2026-05-23 06:27 GMT

മുംബൈ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്ന പുതിയ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടി' സ്ഥാപകൻ അഭിജീത് ദിപ്‌കെ സോഷ്യൽ മീഡിയ ശ്രദ്ധയാകർഷിക്കുകയാണ്.

എന്നാൽ, അഭിജീതിന്റെ രാഷ്ട്രീയപ്രവേശനത്തോട് യോജിപ്പില്ലെന്ന് കുടുംബം വ്യക്തമാക്കി. മകന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മാതാപിതാക്കളായ ഭഗവാൻ ദിപ്‌കെയും അനിത ദിപ്കെയും മറാത്തി മാധ്യമത്തോട് പ്രതികരിച്ചു.

'അവൻ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ തുടരണോ വേണ്ടയോ എന്നത് അവന്റെ തീരുമാനമാണ്. പക്ഷേ, തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ പറയുന്നത് അവൻ കേൾക്കുമോ ഇല്ലയോ എന്നറിയില്ല. ഇക്കാര്യത്തിൽ എന്റെ പിന്തുണ ഉണ്ടായിരിക്കില്ല. അവന്റെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്' അഭിജീതിന്റെ മാതാപിതാക്കൾ പറഞ്ഞു.

ഛത്രപതി സംഭാജിനഗറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിജീത് ഉന്നത വിദ്യാഭ്യാസത്തിനായി പൂനെയിലേക്കും പിന്നീട് ജേർണലിസം പഠിക്കാനായി വിദേശത്തേക്കും പോവുകയായിരുന്നുവെന്ന് പിതാവ് ഭഗവാൻ ദിപ്‌കെ പറഞ്ഞു. രാഷ്ടീയത്തിലെ മകന്റെ ഇടപെടലുകൾ സുരക്ഷിതമല്ലെന്നും കുടുംബം പ്രതികരിച്ചു.

സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ പരിഹാസാത്മകമായി അവതരിപ്പിക്കുന്ന രീതിയിലൂടെയാണ് കോക്രോച്ച് ജനത പാർട്ടി യുവാക്കൾക്കിടയിൽ വളരെവേഗം ശ്രദ്ധ പിടിച്ചുപറ്റിയത്. രാഷ്ട്രീയ സംവിധാനങ്ങളെയും നേതാക്കളെയും വിമർശിക്കുന്ന മീമുകളും ഓൺലൈൻ ക്യാംപെയ്‌നുകളും വഴിയാണ് നിലവിൽ പാർട്ടി പ്രവർത്തനം. സോഷ്യൽ മീഡിയയിൽ അതിവേഗം വളരുന്ന പാർട്ടി അക്കൗണ്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 മില്യണു മുകളിലാണ് ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സ്. ഈ അപ്രതീക്ഷിത പ്രശസ്തിയാണ് കുടുംബത്തെ ആശങ്കയിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, യുവജനങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ പിന്തുണ ലഭിക്കുന്നതായാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിമർശനങ്ങളും പരിഹാസങ്ങളും പാർട്ടിക്ക് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു. ഇന്ത്യയിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കോക്രോച്ച് ജനത പാർട്ടി പോലുള്ള കൂട്ടായ്മകൾ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്.

Similar News