ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കും ;കെ മുരളീധരന്‍
തിരുവനന്തപുരം: ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുമെന്നും എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ മുരളീധരൻ. വൈദ്യുതി വകുപ്പ് ലഭിച്ചതിൽ കെ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലഭിക്കുന്നത് വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് മുരളീധരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർന്ന് അനുനയനീക്കത്തിന്റെ ഭാഗമായി മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകാൻ തീരുമാനമായത്.മന്ത്രിസഭയിൽ അംഗമായതിൽ സന്തോഷമെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വകുപ്പ് ഏതെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
ടീം യുഡിഎഫ് മികച്ചതാണ്. ഏത് വകുപ്പ് ലഭിച്ചാലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും എന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫും പാളയത്തെ പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുത്തു. ഒരു ടീമായി മുന്നോട്ടുപോകുമെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയിലെ അതൃപ്തിയെക്കുറിച്ച് പരാമർശിക്കവെ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും ഇത്രയും ഐക്യം ഉണ്ടായ കാലം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.