സിപി ജോണും ഷിബു ബേബി ജോണും സഗൗരവം;ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയും 18 മന്ത്രിമാരും

By :  Devina Das
Update: 2026-05-18 07:29 GMT

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ആർഎസ്പിയുടെ ഷിബു ബേബി ജോണും സിഎംപി നേതാവ് സിപി ജോണും സൗഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്.ഇത് രണ്ടാം തവണയാണ് ഷിബു ബേബി ജോൺ മന്ത്രിയാകുന്നത്. 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടറിയായ ഷിബുബേബിജോൺ ചവറയിൽനിന്ന് നിയമസഭാംഗമാകുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ 2016ലും 2021ലും ചവറയിൽ നിന്ന് പരാജയപ്പെട്ടു.സിപി ജോൺ ഇത്തവണ ആദ്യമായാണ് എംഎൽഎയും മന്ത്രിയും ആകുന്നത്. എംവി രാഘവന് ശേഷം സിഎംപിയെ പ്രതിനിധീകരിക്കുന്ന നിയമസഭയിലെ ആദ്യഅംഗം കൂടിയാണ് സിപി ജോൺ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു ജോണിന്റെ രാഷ്ട്രീയ പ്രവേശം. തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് സിപിഎം സ്ഥാനാർഥി സുധീർ കരമനെയെയാണ് സിപി ജോൺ തോൽപ്പിച്ചത്.

മുഖ്യമന്ത്രി വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, എപി അനിൽകുമാർ, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീർ, വിഇ അബ്ദുൾ ഗഫൂർ, ടി സിദ്ദിഖ്‌. കെഎ തുളസി, ഒജെ ജനീഷ് എന്നിവർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയതത് ഒജെ ജനീഷുമാണ്.

Similar News