'കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍'; രാഷ്ട്രീയക്കാരിലെ അതിസമ്പന്നൻ ;ഡി കെ ശിവകുമാറിന്റെ സ്വത്തു വിവരങ്ങൾ

By :  Devina Das
Update: 2026-06-01 11:32 GMT

സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുന്നത് 'കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍' എന്ന് അറിയപ്പെടുന്ന ഡി.കെ ശിവകുമാറാണ്. എന്നാല്‍ മറ്റ് രാഷ്ട്രീയക്കാരെപോലെ ഡി കെ താനൊരു ലളിത ജീവിതം നയിക്കുന്ന രാഷ്ട്രീയക്കാരനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. 2023-ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, 1,413.80 കോടി രൂപയുടെ ആസ്തി തനിക്കുണ്ടെന്നാണ് ഡികെ ശിവകുമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 1,140 കോടി രൂപയുടെ സ്ഥാവര ആസ്തികളും 273 കോടി രൂപയുടെ ജംഗമ ആസ്തികളും ഉള്‍പ്പെടുന്നു.265 കോടിയിലധികം കടബാധ്യത ഉണ്ടെങ്കിലും രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഡി.കെ. റിയല്‍ എസ്റ്റേറ്റ്, ക്വാറി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. റിയല്‍ എസ്റ്റേറ്റ്, ക്വാറി, വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ ബിസിനസ്സുകളില്‍ നിന്നാണ് അദ്ദേഹത്തിന് വരുമാനമുണ്ട്. കര്‍ണാടകയിലുടനീളം എഞ്ചിനീയറിങ്, ഫാര്‍മസി കോളജുകളും പബ്ലിക് സ്‌കൂളുകളും ഡി.കെയുടെ കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ നടത്തുന്നുണ്ട്. ഇതുകൂടാതെ, ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത ടൗണ്‍ഷിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിദാദിയിലെ 9,000 ഏക്കറിലെ 'ഗ്രേറ്റര്‍ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്' പദ്ധതിക്ക് പിന്നിലും ഡികെയാണ്.ആഡംബര വാച്ചുകളും ഡിസൈനര്‍ സ്‌കാര്‍ഫുകളും അദ്ദേഹം ധരിക്കാറുണ്ട്. വിലകൂടിയ ബ്രാന്‍ഡുകളോടുള്ള തന്റെ താത്പര്യം മറ്റ് രാഷ്ട്രീയക്കാരെപ്പോലെ അദ്ദേഹം ഒളിച്ചുവെക്കാറുമില്ല. തന്റെ റോളക്‌സ്, കാര്‍ട്ടിയര്‍ വാച്ചുകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, 'എനിക്ക് ഇഷ്ടമുള്ള വാച്ച് ധരിക്കാന്‍ എനിക്ക് അവകാശമില്ലേ?' എന്നാണ് അദ്ദേഹം ഒരിക്കല്‍ ചോദിച്ചത്. ഗുച്ചി, ലൂയി വിറ്റണ്‍, ഫെരഗാമോ തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുടെ സ്‌കാര്‍ഫുകളും, കോടികള്‍ വിലമതിക്കുന്ന റോലക്സ് ഡെയ്‌റ്റോണ, കാര്‍ട്ടിയര്‍ വാച്ചുകളും ധരിച്ചാണ് ഡി.കെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. രാഷ്ട്രീയ എതിരാളികള്‍ ഈ ജീവിതശൈലിയുടെ പേരില്‍ അദ്ദേഹത്തെ പലതവണ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍, ശിവകുമാര്‍ ഇതിലൊന്നും ഒട്ടും കുലുങ്ങിയിട്ടില്ല. അതിനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനുണ്ട് താനും.പഴയകാല രാഷ്ട്രീയക്കാര്‍ എപ്പോഴും തങ്ങള്‍ സാധാരണക്കാരോ ലളിതജീവിതം നയിക്കുന്നവരോ ആണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പുതിയ കാലത്തെ ശക്തരായ രാഷ്ട്രീയക്കാര്‍ക്ക് അത്തരം അഭിനയങ്ങളുടെ ആവശ്യമില്ലെന്ന് ഡി കെ ശിവകുമാറിന്റെ ജീവിതം ചൂണ്ടിക്കാട്ടുന്നു .

Similar News