കോൺഗ്രസ് വിശ്വാസവഞ്ചന കാണിച്ചു ;പിന്നില്‍ നിന്ന് കുത്തി;പ്രമേയവുമായി ഡിഎംകെ
തമിഴ്‌നാട്: ഡിഎംകെ സഖ്യം ഉപേക്ഷിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ. നിയമസഭാ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രമേയം പാസാക്കി. നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) കോണ്‍ഗ്രസ് കൈകോര്‍ത്തതോടെ ദേശീയതലത്തിലെ പ്രതിപക്ഷ നിരയിലെ 'ഇന്ത്യ' സഖ്യം തകര്‍ന്നതായി ഡിഎംകെ പ്രമേയത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നീക്കത്തെ 'വിശ്വാസവഞ്ചന' എന്നും 'പുറകില്‍ നിന്നുള്ള കുത്ത്' എന്നുമാണ് ഡിഎംകെ വിശേഷിപ്പിച്ചത്.കോണ്‍ഗ്രസ് തങ്ങളുടെ പഴയ സ്വഭാവം മാറ്റിയിട്ടില്ലെന്നും ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നത് തന്നെയാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ചെയ്തതെന്നും ഡിഎംകെ പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. കഠിന ശ്രമത്തിലൂടെ നേടിയെടുത്ത തെരഞ്ഞെടുപ്പ് വിജയത്തെ അപകടത്തിലാക്കുകയാണെന്നും ഡിഎംകെ കുറ്റപ്പെടുത്തി. സഖ്യമര്യാദകള്‍ ലംഘിക്കുന്നതാണ് കോണ്‍ഗ്രസ് നടപടിയെന്നും
ഇത്തരം രാഷ്ട്രീയ മാറ്റങ്ങള്‍ തമിഴ്നാട്ടിലെ മതേതര മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രത്യയശാസ്ത്രപരമായ നിലപാടുകളില്‍ ആശങ്കയുണ്ടാക്കുമെന്നും ഡിഎംകെ പറഞ്ഞു. ദ്രാവിഡ പ്രസ്ഥാനത്തിന് വിരുദ്ധമായ ശക്തികള്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടം നല്‍കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ഊന്നിപ്പറഞ്ഞു.'ഇന്ത്യ' സഖ്യം അവസാനിച്ചുവെന്ന് മുതിര്‍ന്ന നേതാവ് ടികെഎസ് ഇളങ്കോവന്‍ വ്യക്തമാക്കി. 'അവര്‍ ഞങ്ങളെ പിന്നില്‍ നിന്ന് കുത്തി, ഇനി അവരെ വിശ്വസിക്കാനാവില്ല,' എന്നാണ് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ പ്രതികരിച്ചത്. ഡിഎംകെയുടെ തോളിലേറി നേടിയ അഞ്ച് സീറ്റുകളുമായി ഇപ്പോള്‍ വിജയ്ക്കൊപ്പം പോകുന്നത് രാഷ്ട്രീയ അധാര്‍മ്മികതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ കളംമാറ്റം ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബംഗാളില്‍ മമത ബാനര്‍ജിയും തമിഴ്‌നാട്ടില്‍ സ്റ്റാലിനും കോണ്‍ഗ്രസിനെതിരെ തിരിയുന്നത് 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.