ദാമ്പത്യബന്ധങ്ങള്‍ക്കിടയിലെഅവിഹിതം തെളിയിക്കാന്‍ സാഹചര്യത്തെളിവ് മതി; മദ്രാസ് ഹൈക്കോടതി
ചെന്നൈ: ദാമ്പത്യബന്ധങ്ങൾക്കിടയിലെ അവിഹിതബന്ധം സ്ഥാപിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹേതര ലൈംഗികബന്ധം നടക്കുന്നത് അതിരഹസ്യമായിട്ടായിരിക്കും. അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ജസ്റ്റിസ് സി വി കാർത്തികേയനും ജസ്റ്റിസ് കെ രാജശേഖറുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്നു കാണിച്ച് ഭർത്താവ് നൽകിയ വിവാഹമോചന ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അവിഹിതബന്ധത്തിന് തെളിവില്ലെന്നു പറഞ്ഞ് കുടുംബക്കോടതി നേരത്തെ ഹർജി തള്ളിയിരുന്നു. അതിനെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചത്.സിആർപിഎഫ് ജീവനക്കാരനായ ഭർത്താവ് ജോലിയാവശ്യത്തിനായി പലപ്പോഴും വീട്ടിൽനിന്ന് മാറി നിൽക്കാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായെന്നാണ് പരാതി. ഭാര്യയെയും ആൺസുഹൃത്തിനെയും പലയിടത്തുവെച്ചും പലരും കണ്ടതിന് ഭർത്താവ് തെളിവ് ഹാജരാക്കിയിരുന്നു. തന്റെ ഭർത്താവിന് ഹർജിയിൽ പറയുന്ന സ്ത്രീയുമായി ബന്ധമുണ്ടെന്നു കാണിച്ച് ആൺസുഹൃത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗികബന്ധമുണ്ടെന്നതിന് ഈ തെളിവുപോരെന്നായിരുന്നു കുടുംബക്കോടതിയുടെ അഭിപ്രായം.വിവാഹേതരബന്ധത്തിന്റെപേരിൽ വിവാഹമോചനം അനുവദിക്കണമെങ്കിൽ ദമ്പതിമാരിലൊരാൾ അവിഹിത ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന് തെളിയിക്കണം. അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുന്നത് തികച്ചും ദുഷ്‌കരമാണുതാനും. അങ്ങനെവരുമ്പോൾ സാഹചര്യത്തെളിവുകളെ ആശ്രയിക്കേണ്ടിവരും. ഈ കേസിൽ ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.