മുഖ്യമന്ത്രി വിഡി സതീശന്റെ ക്ഷേത്രദർശനങ്ങളിലെ നിയമലംഘനം ;നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി

By :  Devina Das
Update: 2026-05-25 09:09 GMT

തൃശ്ശൂർ: മുഖ്യമന്ത്രി വിഡി സതീശൻ ഗുരുവായൂർ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നടത്തിയ ദർശനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ചട്ടലംഘനവും ആചാര ലംഘനവും നടന്നതായി ആരോപണം. ഹൈക്കോടതിയുടെ നിലവിലുള്ള കർശന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയും അനുയായികളും ക്ഷേത്രങ്ങളിൽ വിഐപി ദർശനം നടത്തിയതായി ചൂണ്ടിക്കാട്ടി നിയമനടപടികളിലേക്ക് നീങ്ങാനാണ് ബി.ജെ.പിയുടെ ആലോചന. ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചു. നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായ മുഖ്യമന്ത്രിയും ജനപ്രതിനിധികളും തന്നെ കോടതി ഉത്തരവുകൾ പരസ്യമായി ലംഘിച്ച സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കുമെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രി അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി വിഡി സതീശനും സംഘവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മണിക്ക് ശേഷവും ഉച്ചയ്ക്ക് 12 മണിക്ക് മുൻപും ഭക്തരുടെ കനത്ത തിരക്ക് പ്രമാണിച്ച് പ്രത്യേക വിഐപി ദർശനങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ട്. എന്നാൽ ഇത് മറികടന്ന് നെയ്യ് വിളക്ക് രസീത് പോലും എടുക്കാതെ രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്ത് മുഖ്യമന്ത്രിയും അനുയായികളും സുഖദർശനം നടത്തിയെന്നാണ് പ്രധാന ആരോപണം. ഈ സമയം മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപവും ക്ഷേത്ര നടയിലും വെച്ച് ഹൈബി ഈഡൻ എംപി അടക്കമുള്ള പ്രമുഖർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി. ഹൈക്കോടതി പൂർണ്ണമായി നിരോധിച്ച ഈ പ്രവർത്തി പലരും തടഞ്ഞിട്ടും ഇവർ നിർബാധം വീഡിയോ ചിത്രീകരണം തുടർന്നത് കടുത്ത നിയമലംഘനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഈ സന്ദർശനം കാരണം മണിക്കൂറുകളോളം വരി നിന്ന സാധാരണക്കാരായ ഒട്ടനവധി ഭക്തർക്ക് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നതായും ആരോപണമുണ്ട്.

Similar News