മുഖ്യമന്ത്രി ആര്?ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും

By :  Devina Das
Update: 2026-05-12 05:00 GMT

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഇതുവരെയും തീരുമാനത്തിലെത്താത്തതിനാൽ ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ നടക്കും. കെപിസിസി മുൻ അധ്യക്ഷൻമാരുടെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡ് തേടും. ചർച്ചകൾക്കായി മുൻ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എംഎം ഹസ്സൻ, കെ സുധാകരൻ തുടങ്ങിയവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തര മുതൽ ചർച്ചകൾ പുനഃരാരംഭിക്കുമെന്നാണ് സൂചന.മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും നേതാക്കളുടെ അഭിപ്രായം കേൾക്കും. നേതാക്കളെ വെവ്വേറെ കണ്ടാവും അഭിപ്രായം തേടുക. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് വീണ്ടും തേടിയേക്കും. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ഘടകകക്ഷികൾ കടുത്ത അതൃപ്തിയിലാണ്.

ഡൽഹിയിലെ ചർച്ചകളിൽ ഇപ്പോഴും കെ സി വേണുഗോപാലിനാണ് മുൻതൂക്കം എന്നാണ് റിപ്പോർട്ടുകൾ. വിശാല ചർച്ചകൾക്കായി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ച നേതാക്കളിൽ ബഹുഭൂരിപക്ഷവും വേണുഗോപാലിനെ അനുകൂലിക്കുമെന്നാണ് കെസി പക്ഷത്തിന്റെ വിലയിരുത്തൽ. അതേസമയം, കേരളത്തിലെ പൊതുജന വികാരവും, ഘടകകക്ഷികളുടെ നിലപാടും തനിക്ക് അനുകൂലമാകുമെന്ന് വിഡി സതീശൻ വിചാരിക്കുന്നു. തർക്കങ്ങൾക്കിടെ മുതിർന്ന നേതാവ് എന്ന പരിഗണന ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ.മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു വൈകീട്ടോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. എംഎൽഎമാരിലും എംപിമാരിലും, ബഹുഭൂരിപക്ഷവും കെസി വേണുഗോപാലിനൊപ്പമാണെന്നാണ് ഹൈക്കമാൻഡ് നിരീക്ഷകർ നൽകിയ റിപ്പോർട്ടിലുള്ളത്. പൊതുജനവികാരം സതീശന് അനുകൂലമാണ് എന്നതാണ് ഒറ്റയടിക്ക് പ്രഖ്യാപനം നടത്തുന്നതിൽ ഹൈക്കമാൻഡിനെ വലയ്ക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധിയുടേയും, പ്രിയങ്കാ ഗാന്ധിയുടേയും മുതിർന്ന നേതാവ് എകെ ആന്റണിയുടേയും നിലപാട് നിർണായകമായേക്കും.

Similar News