നവകേരള 'രക്ഷാപ്രവര്‍ത്തന'ത്തില്‍ കേസ് ഡയറി തിരുത്തി; എഡിജിപി അജിത് കുമാറിന് കുരുക്ക്
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാൻ അടക്കമുള്ളവർ തല്ലിച്ചതച്ച സംഭവത്തിൽ, കേസ് ഡയറി തിരുത്താൻ എഡിജിപി എംആർ അജിത് കുമാറിന്റെ ഇടപെടൽ ഉണ്ടായെന്ന് പ്രത്യേക അന്വേഷണ സംഘം ( എസ്‌ഐടി) സ്ഥിരീകരിച്ചു. എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരുടെ ഇടപെടലും കണ്ടെത്തിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകാനുള്ള റഫർ റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ നിന്നും തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥന് നൽകുകയായിരുന്നു എന്ന വിവരവും എസ്‌ഐടിക്ക് ലഭിച്ചു. പൊലീസുകാരുടെ രക്ഷാപ്രവർത്തന ക്കേസ് അന്വേഷിച്ച ആലപ്പുഴ ഡിവൈഎസ്പിയിൽ നിന്നും ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞ് ന്യായീകരിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ചത്.
ആലപ്പുഴ ഡിവൈഎസ്പിയെ തിരുവനന്തപുരത്തെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച എഡിജിപി എംആർ അജിത് കുമാർ, കേസ് ഡയറി പെൻഡ്രൈവിലാക്കി നൽകാനും ആവശ്യപ്പെട്ടു. എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാരാണ് ഇതു കൈപ്പറ്റിയത്. കേസ് ഡയറി പരിശോധിച്ച ശേഷം, കേസ് എഴുതുന്നത് ഇങ്ങനെയാണോ?, എത്ര നാളായി അന്വേഷിക്കുന്നു തുടങ്ങിയ പരാമർശങ്ങൾ എഡിജിപിയുടെ ഓഫീസിൽ നിന്നും ഉണ്ടായതായി ഡിവൈഎസ്പി മൊഴി നൽകിയിട്ടുണ്ട്.ഡിവൈഎസ്പിക്ക് ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐയെ എഡിജിപിയുടെ ഓഫീസിലുള്ളവർ ആക്ഷേപിച്ചു എന്നും മൊഴിയിൽ സൂചിപ്പിക്കുന്നു. ആലപ്പുഴയിൽ നിന്നെത്തിയ ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസം എഡിജിപിയുടെ ഓഫീസിൽഡ പിടിച്ചു നിർത്തി. 2024 ഓഗസ്റ്റ് 15 നാണ് കേസ് ഡയറി തിരുത്തി ഇവരെ ഏൽപ്പിക്കുന്നത്. കോടതിയിൽ സമർപ്പിക്കാനുള്ള റഫർ റിപ്പോർട്ടും എഡിജിപിയുടെ ഓഫീസിൽ നിന്നും പെൻഡ്രൈവിലാക്കി നൽകി. ഗൺമാൻ അടക്കമുള്ള പൊലീസുകാർക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള ഈ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ ലോക്കൽ പൊലീസ് പിടിച്ചു മാറ്റിയ ശേഷവും, മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം മർദ്ദിച്ചെന്നാണ് ആദ്യ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയശേഷം അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാർ അടക്കമുള്ള പൊലീസുകാർ യൂത്ത് കോൺഗ്രസുകാരെ ലാത്തി പോലുള്ള വടി വെച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത് അനാവശ്യ പ്രവൃത്തിയാണെന്നും, പൊലീസിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും അന്നത്തെ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ വ്യക്തമാക്കിയിരുന്നു.