'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂര്‍ സിപിഎമ്മില്‍ ഫ്‌ലക്‌സ് ബോര്‍ഡ് പ്രതിഷേധം
കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ ഫ്‌ലക്‌സ് ബോർഡ് പ്രതിഷേധം കനക്കുന്നു . സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച് പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തും ഫ്‌ലക്‌സ് ബോർഡ് ഉയർന്നു. കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലാണ് ബോർഡ് സ്ഥാപിച്ചത് പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്ന് ബോർഡിൽ എഴുതിയിട്ടുണ്ട്.'തിരുത്തേണ്ട പാഠ ഭാഗങ്ങളുണ്ട്, ജീർണ്ണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതക്ക് മങ്ങലേൽക്കും' എന്ന പി ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ എഴുതിയിട്ടുണ്ട് ഇന്ന് രാവിലെ അഴീക്കോട് മണ്ഡലത്തിലും ഇന്നലെ മട്ടന്നൂർ മണ്ഡലത്തിലെ കോളയാടും പി. ജയരാജന്റെ ചിത്രമുള്ളഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോളയാട് പി ബി അംഗമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമർശിച്ചു കൊണ്ടാണ് ഇവിടെഫ്‌ളക്‌സ് ഉയർന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികളെ കൃത്യമായി പരിശോധിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. മുൻപും തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫ് നേരിട്ടത്. പാർട്ടി ഘടകങ്ങളെയും എൽഡിഎഫ് ഘടകകക്ഷികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.