മന്ത്രിസഭാരൂപീകരണം ;ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടക്കും

By :  Devina Das
Update: 2026-05-16 04:55 GMT

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. രാവിലെ 11 മുതൽ തുടങ്ങുന്ന ചർച്ചയിൽ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും.

യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ എണ്ണത്തിലും പരമ്പരാഗതമായി കക്ഷികൾ കൈവശം വെച്ചുപോരുന്ന വകുപ്പുകളിലും മാറ്റംവരാൻ സാധ്യതയുണ്ട്. കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. ഒരെണ്ണംകൂടി ലഭിക്കാനും സാധ്യതയുണ്ട്. ചെറു ഘടകകക്ഷികൾക്ക് ഓരോ മന്ത്രിമാരാകുമുണ്ടാകുക. ആർഎംപി. മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനിടയില്ല.

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. നാല് മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയും നൽകുന്നതും പരിഗണനിയിലുണ്ട്. ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. ഇന്ന് ചേരുന്ന മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആരൊക്ക മന്ത്രിമാരാകുമെന്ന് തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലികുട്ടിക്ക് പുറമെ കെ എം ഷാജി, എൻ ഷംസുദ്ധീൻ, പി കെ ബഷീർ എന്നിവർ മന്ത്രിമാരാകും. വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും.

രണ്ട് മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം . ഇന്ന് 11 മണിക്ക് നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാൽ ഇതിനുവേണ്ടി മുന്നണിയെ പ്രതിസന്ധിയിൽ ആകേണ്ട ആവശ്യം ഇല്ല എന്നാണ് ഇവരുടെ തീരുമാനം. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസിന് ലഭിച്ചേക്കും എന്നാണ് സൂചന.

മന്ത്രിമാരുടെ സാധ്യത പട്ടിക

കോൺഗ്രസ്: രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ, എ.പി. അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം ലിജു, ബിന്ദു കൃഷ്ണ, ടി സിദ്ദിഖ്, വി പി സജീന്ദ്രൻ ഇവരിൽനിന്ന് ഒരാൾ സ്പീക്കറും ഒരാൾ ഡെപ്യൂട്ടി സ്പീക്കറുമായേക്കാം. വിടി ബൽറാം, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, കെ. ജയന്ത്, എം. വിൻസന്റ് എന്നിവരും സാധ്യത പട്ടികയിലുണ്ട്.

ഘടകകക്ഷികളുടെ സാധ്യത പട്ടിക

മുസ്ലിം ലീഗ്: പികെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, കെ കെ എം അഷ്റഫ്

കേരള കോൺഗ്രസ് (ജോസഫ്): മോൻസ് ജോസഫ്

കേരള കോൺഗ്രസ് (ജേക്കബ്): അനൂപ് ജേക്കബ്

ആർഎസ്പി.: ഷിബു ബേബി ജോൺ,

സിഎംപി. : സി പി ജോൺ,

കെഡിപി: മാണി സി കാപ്പൻ

Similar News