ബംഗാളിൽ ബിജെപി 194 സീറ്റുകളിൽ മുന്നേറ്റം, ഭവാനിപൂരിൽ മമതയുടെ ലീഡ് കുറയുന്നു

By :  Devina Das
Update: 2026-05-04 10:55 GMT

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിച്ചെടുത്ത് ബിജെപി ചരിത്രം കുറിക്കുന്നു. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം നാല് സീറ്റുകളിൽ വിജയം ഉറപ്പിച്ച ബിജെപി ആകെയുള്ള 294 മണ്ഡലങ്ങളിൽ 194 സീറ്റുകളിലും ലീഡ് ചെയ്ത് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തുകയാണ്. 148 സീറ്റുകളാണ് ഭരണം പിടിക്കാൻ വേണ്ടത് എന്നിരിക്കെ, ബിജെപി വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

15 വർഷത്തെ ഭരണത്തിന് ശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ തകർച്ചയെയാണ് നേരിടുന്നത്. ഇതുവരെ വെറും ഒരു സീറ്റിൽ മാത്രമാണ് പാർട്ടിക്ക് വിജയം ഉറപ്പിക്കാനായത്. നിലവിൽ 88 സീറ്റുകളിൽ മാത്രമാണ് ടിഎംസിക്ക് മുന്നേറ്റമുള്ളത്. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തിൽ പത്താം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപിയുടെ സുവേന്ദു അധികാരിക്കെതിരെ മമതയുടെ ലീഡ് 12,131 വോട്ടുകളായി കുറഞ്ഞു. മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് ഇപ്പോഴും തുടരുന്നത്.

ഇടതുപക്ഷത്തിനും കോൺഗ്രസിനും ഇത്തവണയും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. സിപിഐ(എം) ഒരു സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. മുർഷിദാബാദിലെ ദോംകൽ മണ്ഡലത്തിൽ സിപിഐ(എം) സ്ഥാനാർത്ഥി മുഹമ്മദ് മുസ്തഫിജുർ റഹ്മാൻ അഞ്ചാം റൗണ്ടിൽ 8,877 വോട്ടുകൾക്ക് മുന്നിലാണ്. ഇടത് സഖ്യകക്ഷിയായ ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖി ഭാംഗറിൽ 13,981 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്. ചരിത്രപരമായ ഈ ഭരണമാറ്റം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് സംഘർഷ സാധ്യത ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിജയറാലികൾക്ക് സംസ്ഥാനത്തുടനീളം വിലക്ക് ഏർപ്പെടുത്തിയതായി സ്പെഷ്യൽ ഒബ്‌സർവർ സുബ്രത ഗുപ്ത അറിയിച്ചു.മുഖ്യമന്ത്രി മമത ബാനർജിയെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിർണ്ണായകമായ പോരാട്ടമാണ്. നാലാം തവണയും അധികാരം നിലനിർത്താൻ തൃണമൂൽ ശ്രമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, കഴിഞ്ഞ തവണ നേരിട്ട തിരിച്ചടികളിൽ നിന്ന് കരകയറാനാണ് ഇടതുമുന്നണിയുടെയും കോൺഗ്രസിൻറെയും ശ്രമം. എക്സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്നതായിരുന്നു.

Similar News