വല്ലാത്ത പരീക്ഷണം ;സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൈറ്റില്‍ തകരാര്‍
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള പോർട്ടലിൽ വീണ്ടും സാങ്കേതിക തകരാർ. ഇന്നുമുതൽ പുനർമൂല്യനിർണയത്തിനുള്ള വിദ്യാർഥികളുടെ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്നാണ് സിബിഎസ്ഇ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതനുസരിച്ച് അപേക്ഷ നൽകാനായി ശ്രമിച്ചപ്പോൾ പോർട്ടൽ തുറക്കാൻ കഴിയുന്നില്ല എന്ന തരത്തിൽ നിരവധി പരാതികളാണ് ഉയർന്നത്.നേരത്തെയും സമാനമായ പ്രശ്‌നങ്ങൾ വിദ്യാർഥികൾ നേരിട്ടിരുന്നു. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത പകർപ്പ് ലഭിക്കാനും അപേക്ഷിച്ചപ്പോഴാണ് വിദ്യാർഥികൾ സാങ്കേതിക തകരാർ നേരിട്ടത്.
പരീക്ഷയെഴുതിയ 17.68 ലക്ഷം പേരിൽ നാലു ലക്ഷത്തിലേറെപ്പേർ ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ 11.31 ലക്ഷം ഉത്തരക്കടലാസുകളാണ് കൈമാറിയത്. പുനർമൂല്യനിർണയം നടത്താൻ കൂട്ടത്തോടെ അപേക്ഷ വന്നാൽ പോർട്ടലിലെ പിഴവ് ആവർത്തിക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം മുതൽ തന്നെ ഉയർന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പോർട്ടലിലെ ഇന്നത്തെ സാങ്കേതിക തകരാർ.അതിനിടെ 12-ാം ക്ലാസ് പരീക്ഷ ഫല പ്രഖ്യാപനത്തിൽ പിഴവ് സംഭവിച്ചതായി സിബിഎസ്ഇ ഒടുവിൽ സമ്മതിച്ചു. ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി മൂല്യനിർണയം നടത്തിയ ഓൺ സ്‌ക്രീൻ മാർക്കിങ് രീതിയിൽ പാളിച്ച ഉണ്ടായെന്നാണ് വിശദീകരണക്കുറിപ്പിൽ പറയുന്നത്.