ആറ്റുകാൽ പൊങ്കാല 2026: ഉത്സവം ഫെബ്രുവരി 23 മുതൽ; മാർച്ച് 3ന് പൊങ്കാല
Attukal Pongala schedule
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രശസ്തമായ പൊങ്കാല മഹോത്സവം ഫെബ്രുവരി 23ന് ആരംഭിക്കും. പ്രധാന പൊങ്കാല ദിനം മാർച്ച് 3 (ചൊവ്വാഴ്ച) ആണ്. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചതനുസരിച്ച് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്.
മാർച്ച് 3ന് ചന്ദ്രഗ്രഹണം ഉണ്ടാകുന്നതിനാൽ ക്ഷേത്ര ദർശനത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്ന് വൈകുന്നേരം 3.10 മുതൽ രാത്രി 7 മണി വരെ നട അടച്ചിരിക്കും. ഈ സമയത്ത് ദർശനം സാധ്യമല്ല. താലപ്പൊലി നേർച്ചക്കാർ ഉച്ചയ്ക്ക് 1.30ന് മുമ്പ് തന്നെ ക്ഷേത്ര ദർശനത്തിന് എത്തണമെന്നും അധികൃതർ നിർദേശിച്ചു.
ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളുടെ സമയക്രമം ഇങ്ങനെ:
• ഫെബ്രുവരി 23ന് വൈകുന്നേരം 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും.
• ഫെബ്രുവരി 25ന് രാവിലെ 8.45-ന് കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ വ്രതം തുടങ്ങും.
• മാർച്ച് 3ന് രാവിലെ 9.45-ന് പൊങ്കാല അടുപ്പുകളിൽ തീ പകരും. ഉച്ചയ്ക്ക് 2.15-ന് പൊങ്കാല നിവേദ്യം.
രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് ആരംഭിക്കും.
രാത്രി 10.45-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്.
• മാർച്ച് 4ന് രാത്രി 9.45-ന് കാപ്പഴിക്കും. രാത്രി 12.45-ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഭക്തജനങ്ങൾക്ക് സുഗമമായി ഉത്സവം ആഘോഷിക്കാൻ ക്ഷേത്ര അധികൃതർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.