ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം ;മുഖ്യപ്രതികള്‍ക്കായി വ്യാപകതെരച്ചിൽ,ലുക്ക്ഔട്ട് നോട്ടീസ്

By :  Devina Das
Update: 2026-05-30 05:21 GMT

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി . ഇരുന്നൂറിലേറെ പേരെയാണ് വധശ്രമം അടക്കമുള്ള കേസിൽ പ്രതിചേർത്തിട്ടുള്ളത്. ഇതിൽ വാഹനങ്ങൾ ആക്രമിച്ച ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം.പ്രതിഷേധത്തിൽ പൊലീസ് പ്രതിരോധം വൻ പരാജയമായിരുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് പ്രധാന പ്രതികളെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞ എട്ട് പ്രധാന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മ്യൂസിയം പൊലീസിനെക്കൂടാതെ ഷാഡോ, ഡാൻസാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പൊലീസുകാരും അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർ വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന.

സംഘർഷത്തിനു നേതൃത്വം നൽകിയ മുൻ കൗൺസിലർ ഐപി ബിനു അടക്കം 18 പേർ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി സിറ്റി പൊലീസ് അധികൃതർ അറിയിച്ചു. പ്രതികളുടെ വീടുകൾ സംശയകരമായ ബന്ധുവീടുകൾ, സിറ്റിയിലെ ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകൾ നടത്തുന്നത്. ഇവരുടെ മൊബൈൽഫോൺ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.

Similar News