നിയമസഭാ തെരഞ്ഞെടുപ്പ് ; ബിജെപിക്ക് 3 സീറ്റുകൾ എന്നത് അതീവ ​ഗൗരവമുള്ള കാര്യം; തോൽവി അം​ഗീകരിക്കുന്നു; സിപിഎം

By :  Devina Das
Update: 2026-05-05 05:11 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി അം​ഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എൽ‌ഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമാണ്. പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടേറിയറ്റ് പ്രതികരിച്ചു.

കേരള നിയമസഭയിൽ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് ​ഗൗരവമുള്ള കാര്യമാണ്. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി, നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫാണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്നു ഓർക്കണം. മത സൗ​ഹാർദ്ദത്തിനു പേരുകേട്ട കേരളത്തിന്റെ മണ്ണിൽ വർ​ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടതിന്റെ പ്രധാന്യമാണ് ബിജെപിയുടെ കടന്നു വരവ് ഓർമിപ്പിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.

അ​ഗോളവത്കരണ നയങ്ങൾ അതേപടി നടപ്പാക്കി തകർന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന സംസ്ഥാനമാക്കി മാറ്റാൻ‌ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയിൽ പറഞ്ഞ വാ​ഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാനും സർക്കാരിനു സാധിച്ചു. സമസ്ത മേഖലകളിലും പുരോ​​ഗതി ആർജിക്കാനായി. കാർഷിക, വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി. ആരോ​ഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ശുചിത്വം തുടങ്ങിയ മേഖലകളിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയായി.രാജ്യത്തെ ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോൾ അതിൽ നിന്നു വ്യത്യസ്തമായി മത സൗഹാർദ്ദത്തിന്റെ നാടാക്കി കേരളത്തെ മാറ്റാൻ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. നീതി ആയോ​ഗിന്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ കേരളം വളർന്നു.

മതരാഷ്ട്ര രൂപീകരണം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരായുള്ള പോരാട്ടത്തിലും ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനൊപ്പം കോടതികളിലും അത്തരം സമരങ്ങൾ തുടർന്നു. ഇത് രാജ്യത്താകമാനമുള്ള ജനകീയ രാഷ്ട്രീയത്തിനു കരുത്ത് പകർന്നതായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

Similar News