ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നു ;പ്രതികരണവുമായി രമേശ് ചെന്നിത്തല
തൃശൂർ: മുഖ്യമന്ത്രി പദവിയിൽ നിന്നും മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഹൈക്കമാൻഡ് തീരുമാനത്തിനു പിന്നാലെ ഒരു പ്രതികരണവും നടത്താതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പം ഉണ്ടാകും. മുഖ്യമന്ത്രിക്ക് കോൺഗ്രസ് പ്രവർത്തകരുടേയും യുഡിഎഫ് പ്രവർത്തകരുടേയും പൂർണ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പത്തു വർഷക്കാലത്തെ ഇടതുമുന്നണി ഭരണത്തിൽ നിന്നും കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ളത്.
യുഡിഎഫ് സർക്കാരിന് ജനങ്ങളുടെ പരിപൂർണമായ പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നായിരുന്നു മറുപടി.