അഴകിയ തമിഴ് മകൻ ;തമിഴ്നാട്ടിൽ ഇത് ദളപതിയുഗം
തമിഴ്നാട്ടിൽ ഇത് ദളപതിയുഗമാണ് .വിജയിയും അദ്ദേഹത്തിന്റെ ടിവികെ പാർട്ടിയും ഭരണകക്ഷിയായിരുന്ന ഡിഎംകെയെ ബഹുദൂരം പിന്നിലാക്കിയാണ് തേരോട്ടം നടത്തിയത് . ജീവിതത്തിൽ രാഷ്ട്രീയത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന വിജയ് കരിയറിൽ ഒരിക്കൽ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചിട്ടുണ്ട്. അതും ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം.ശങ്കർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് മുതൽവൻ. തിരക്കഥ പൂർത്തിയായ ശേഷം ശങ്കർ നായകനായി മനസിൽ കണ്ടിരുന്നത് സൂപ്പർ സ്റ്റാർ രജനികാന്തിനെയായിരുന്നു. രജനി നിരസിച്ചതോടെ ശങ്കർ സമീപിച്ചത് വിജയ്‌യെയായിരുന്നു. എന്നാൽ വിജയ്‌യും ഒഴിഞ്ഞു മാറി. പിന്നീടാണ് ശങ്കർ അർജുനെ സമീപിക്കുന്നതും അദ്ദേഹം ചിത്രം ചെയ്യാനേൽക്കുന്നതും. ചിത്രം വൻ വിജമായി മാറുകയും ചെയ്തു. അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു ചിത്രം. മുതൽവൻ പിന്നീട് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയുമുണ്ടായി.ശങ്കറിന് വിജയ് കൈ കൊടുത്ത ചിത്രമായിരുന്നു നൻപൻ. ഈ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ മുതൽവൻ ചെയ്യാൻ പറ്റാതെ പോയതിനെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. മുതൽവൻ നടക്കാതെ പോയെങ്കിലും 2019 ൽ ശങ്കറും വിജയ്‌യും മുതൽവൻ ടുവിന് വേണ്ടി ഒരുമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും ആ ചിത്രവും നടന്നില്ല. പക്ഷെ അധികം വൈകാതെ വിജയ് രാഷ്ട്രീയത്തിലേക്ക് എത്തി. ഇന്നിതാ തമിഴ്‌നാടിന്റെ ജനവിധി വിജയ്‌യെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കാൻ പച്ചക്കൊടി പാറിച്ചിരിക്കുകയാണ് .
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് വിജയ്‌യുടെ ടിവികെ. 109 സീറ്റുകളിൽ ടിവികെയ്ക്ക് മുന്നേറ്റമുണ്ട്. അതേസമയം കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ്. നിലവിൽ തൂക്കുമന്ത്രിസഭയിലേക്കെന്ന സൂചനകളാണ് ലഭ്യമാകുന്നതെങ്കിലും നേരിയ വോട്ട് വ്യത്യാസം നിലനിൽക്കുന്ന മണ്ഡലങ്ങളിലെ ഫലങ്ങൾ നിർണായകമാകും.