വീടിനകത്തും മുറ്റത്തും നട്ടുവളർത്തുന്ന ചെടികളും വൃക്ഷങ്ങളും കുടുംബജീവിതത്തിലെ സമാധാനത്തെയും ഐശ്വര്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു ?

By :  Devina Das
Update: 2026-01-12 07:33 GMT

വീട്ടില്‍ ഒരു പൂന്തോട്ടം ഉണ്ടാവണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ചിലര്‍ അതോടൊപ്പം ഒരു ഫൗണ്ടന്‍ കൂടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.

എന്നാല്‍ പരിമിതമായ സൗകര്യമുള്ളവര്‍ ഇപ്പോള്‍ വീടിനകത്തും ടെറസിലും ബാല്‍ക്കണിയിലും ഒക്കെ ആണ് ചെടികള്‍ വളര്‍ത്തുന്നത്.

ഭാരതീയ വാസ്തുശാസ്ത്രവും ചൈനീസ് ഫെങ്ഷുയും പറയുന്നത് വീടിന് ചുറ്റുമുള്ള വസ്തുക്കള്‍ ഊര്‍ജ്ജ പ്രവാഹത്തെ സ്വാധീനിക്കുന്നു എന്നാണ്.

വീടിനകത്തും മുറ്റത്തും നട്ടുവളര്‍ത്തുന്ന ചെടികളും വൃക്ഷങ്ങളും കുടുംബജീവിതത്തിലെ സമാധാനത്തെയും ഐശ്വര്യത്തെയും നേരിട്ട് ബാധിക്കുന്നു.

അതുകൊണ്ട് എല്ലാ ചെടികളും ഗുണകരമല്ലെന്നും മറ്റ് ചിലത് കുഴപ്പമാണെന്നും ആണ് ഈ ശാസ്ത്രങ്ങള്‍ നമുക്ക് തരുന്ന മുന്നറിയിപ്പ്.

ഫെങ്ഷുയ് അനുസരിച്ച് ബോഗന്‍വില്ല പോലെ മുള്ളുള്ള ചെടികള്‍ വീട്ടില്‍ വെക്കുന്നത് നന്നല്ല. മുള്ളുകള്‍ നെഗറ്റീവ് ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുന്നതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ അത് കുടുംബ സമാധാനത്തെ ബാധിക്കാം.

അതുപോലെ ബോണ്‍സായി ചെടികള്‍ മനപ്പൂര്‍വം വളര്‍ച്ച മുരടിപ്പിച്ച രൂപമായതിനാല്‍, വീട്ടില്‍ വെച്ചാല്‍ തൊഴില്‍, സാമ്പത്തികം, വ്യക്തിഗത വളര്‍ച്ച എന്നിവയില്‍ മന്ദഗതി അനുഭവപ്പെടുമെന്ന വിശ്വാസവും ഫെങ്ഷുയില്‍ നിലനില്‍ക്കുന്നു.

ഭാരതീയ വാസ്തുശാസ്ത്രം പ്രകാരം ആല്‍, അരയാല്‍ പോലുള്ള വൃക്ഷങ്ങള്‍ വീടിനകത്തോ മുറ്റത്തോ വെക്കാന്‍ പാടില്ലാത്തവയാണ്. ഇവയ്ക്ക് ശക്തമായ വേരുകളും വ്യാപകമായ ഊര്‍ജ്ജ വലയവുമുള്ളതിനാല്‍ വീടിന്റെ സ്ഥിരതയ്ക്കും കുടുംബ സമാധാനത്തിനും ദോഷകരമാകാമെന്ന് കരുതപ്പെടുന്നു.

അതുകൊണ്ടാണ് ഇത്തരം വൃക്ഷങ്ങള്‍ വീടിനെക്കാള്‍ ക്ഷേത്രങ്ങളിലോ തുറന്ന സ്ഥലങ്ങളിലോ നട്ടുവളര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നത്. അതേ പോലെ ശരിയായ ചെടികള്‍ ശരിയായ സ്ഥാനങ്ങളില്‍ വെച്ചാല്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ധിക്കുമെന്നാണ് വാസ്തുവിന്റെയും ഫെങ്ഷുയിന്റെയും അഭിപ്രായം.

തുളസി വീടിന്റെ കിഴക്ക് അല്ലെങ്കില്‍ വടക്കുകിഴക്ക് ഭാഗത്ത് വെക്കുന്നത് ആരോഗ്യത്തിനും ആത്മീയ ഊര്‍ജ്ജത്തിനും ഏറെ ഗുണകരമാണെന്ന് പറയുന്നു.

മണിപ്ലാന്റ് വടക്ക്, കിഴക്ക്, പ്രത്യേകിച്ച് തെക്കുകിഴക്ക് ഭാഗത്ത് വെച്ചാല്‍ സാമ്പത്തിക പുരോഗതിക്കും വരുമാന വര്‍ധനയ്ക്കും സഹായകമാകുമെന്ന വിശ്വാസം വ്യാപകമാണ്.

ലക്കി ബാംബൂ വീടിനകത്ത് വടക്കോ കിഴക്കോ ഭാഗത്ത് വെക്കുന്നത് ഭാഗ്യവും സമാധാനവും ആകര്‍ഷിക്കുമെന്ന് ഫെങ്ഷുയ് ചൂണ്ടിക്കാണിക്കുന്നു.

മുല്ല, പവിഴമല്ലി പോലുള്ള സുഗന്ധമുള്ള പൂച്ചെടികള്‍ വീടിന്റെ മുന്നിലോ കിഴക്ക് ഭാഗത്തോ വെക്കുന്നത് പോസിറ്റീവ് വൈബ്രേഷനും മനസ്സമാധാനവും വര്‍ധിപ്പിക്കും.

അശോകവൃക്ഷം കിഴക്കോ തെക്കോ വശത്തോ നടുന്നത് കുടുംബ സൗഖ്യത്തിനും ദുഃഖനാശത്തിനും സഹായകരമാണ്.

ഉണങ്ങിയതോ വാടിയതോ ആയ ചെടികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജം വര്‍ധിപ്പിക്കുമെന്നതിനാല്‍ അവ ഒഴിവാക്കുകയും, പ്രധാന വാതിലിന് മുന്‍പില്‍ ഒരു മരവും പാടില്ല.

വാസ്തുശാസ്ത്രവും ഫെങ് ഷുയും നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ചെടികള്‍ അവയ്ക്ക് അനുയോജ്യമായ സ്ഥാനങ്ങളില്‍ ആയാല്‍ ചെയ്താല്‍, വീട് ഐശ്വര്യവും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു ശക്തമായ ഊര്‍ജ്ജകേന്ദ്രമായി മാറുമെന്നാണ് വിശ്വാസം.

Similar News