സിനിമാ മേഖലയെ സർക്കാർ ഒരു കറവപ്പശുവായി കാണുന്നു ;രൂക്ഷവിമർശനവുമായി ജി സുരേഷ്‌കുമാർ

By :  Devina Das
Update: 2026-01-14 11:16 GMT

കൊച്ചി: സർക്കാർ സിനിമാമേഖലയെ അവഗണിച്ചു എന്ന ആരോപണവുമായി നിർമാതാവ് ജി സുരേഷ് കുമാർ.

സിനിമാ സംഘടനകളുടെ പ്രതിനിധികളുടെ വാർത്താ സമ്മേളനത്തിലായിരുന്നു സുരേഷ് കുമാറിന്റെ രൂക്ഷവിമർശനം.

"വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി.

ഇടയ്ക്ക് നിർത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു.

സിനിമാ മേഖലയെ കറവപ്പശുവായിട്ടാണ് സർക്കാർ കണക്കാക്കുന്നത്.

കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല.

ഓരോ സംസ്ഥാനങ്ങളും കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നൽകുന്നത്.

ഇവിടെ തരുന്ന അഞ്ചു ലക്ഷം രൂപ മൂക്കിപ്പൊടി വാങ്ങിക്കാൻ തികയില്ല.

എന്തൊരു കഷ്ടമാണെന്ന് ആലോചിച്ചു നോക്കൂ.

സിനിമാ ഇൻഡസ്ട്രിക്ക് വേണ്ടി കഴിഞ്ഞ പത്തു കൊല്ലം സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല.

കോൺക്ലേവ് നടത്തി. എന്തൊക്കെയോ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. വെറും കണ്ണിൽപ്പൊടിയിടുന്നതല്ലാതെ വേറൊന്നും നടന്നിട്ടില്ല".

- ജി സുരേഷ് കുമാർ പറഞ്ഞു."ആടിനെ പ്ലാവില കാണിച്ചു കൊണ്ടുപോവുന്നതു പോലെ സിനിമാ മേഖലയെ മൊത്തം കബളിപ്പിച്ചുവെന്ന്" ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു.

ഏറ്റവും കൂടുതൽ നികുതി ചുമത്തപ്പെടുന്ന വ്യവസായ മേഖലയാണിതെന്നും ബജറ്റിൽ പോലും തങ്ങളെ പരിഗണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 21 ന് സിനിമാ സംഘടനകൾ സൂചനാ സമരം നടത്തുന്നുണ്ട്. അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.

ഫിലിം ചേംബർ എന്നിവർ ചേർന്ന് സംയുക്തമായാണ് സമരം.

ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും തിയറ്ററുകൾ അടച്ചിടുകയും ചെയ്യും.

Similar News