അദ്ദേഹത്തെ പെട്ടെന്ന് കാണാൻ കഴിയണേ എന്ന് ഞാൻ എന്നും പ്രാർത്ഥിച്ചു ;കമൽഹാസനൊപ്പം തേജലക്ഷ്മി

By :  Devina Das
Update: 2026-01-15 09:55 GMT

നടൻ കമൽ ഹാസനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടിയും ഉർവശിയുടെ മകളുമായ തേജലക്ഷ്മി.

കുട്ടിക്കാലത്ത് പഞ്ചതന്ത്രത്തിന്റെ സെറ്റിൽ വെച്ച് തന്നെ കമൽ ഹാസൻ എടുത്തു നടന്നിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ വാങ്ങിത്തന്നിട്ടുണ്ടെന്നും തേജലക്ഷ്മി പറയുന്നു.

ഉർവശിക്കും കമൽ ഹാസനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

തേജലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണരൂപം

വർഷം 2001. ഞാൻ അന്ന് കുഞ്ഞാണ്, എൻ്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ.

ഞാൻ മിക്കപ്പോഴും വാശി കാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.

എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു.

ചെറുപ്പം മുതലേ കേട്ടു വളർന്ന കഥയാണ്.

അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.

വർഷം 2025, സൈമ അവാർഡ്സ്.

ഞാൻ എൻ്റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമൽ സാറും.

അമ്മയ്ക്കും സ്റ്റേജിൽ കയറേണ്ട തിരക്കുകൾ ഉണ്ടായിരുന്നതു കൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ മറന്നുപോയി.

ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു 'ഹായ്' പറയുമെന്ന് മനസ്സിൽ കണക്കുകൂട്ടുകയുമായിരുന്നു.

സത്യം പറഞ്ഞാൽ, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു.

അദ്ദേഹത്തിന് തിരക്കുകൾ കാരണം പരിപാടിയിൽ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാൻ ശരിക്കും കരഞ്ഞുപോയി.

അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു.

എനിക്കിപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു.

എനിക്ക് പേടിയായിരുന്നു’. അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട.

അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിൻ്റെ ഓഫീസിൽ പോയി കാണാം’.

ആ നിമിഷം മുതൽ, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ ആ ഒരു ദിവസം വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.

ഒടുവിൽ ആ ദിവസം വന്നെത്തി!! എൻ്റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റിൽ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ.

പക്ഷേ ആ പത്ത് മിനിറ്റുകൾ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്.

അതെനിക്ക് എല്ലാമെല്ലാമായിരുന്നു.

എല്ലാത്തിനുമുപരി, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി.ശരിയായ സമയമാകുമ്പോൾ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂർത്തിയാക്കുന്നത്.

ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്.

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പൊങ്കൽ ആശംസകൾ.

Similar News