പശ്ചിമേഷ്യൻ സംഘർഷം: ഹോർമുസ് അടഞ്ഞു; റഷ്യൻ എണ്ണയിലേക്ക് ഇന്ത്യ തിരിയുന്നു, എൽപിജി റേഷനിങ് സാധ്യത
India mulls the purchase of Russian crude as Middle East tensions jolt oil markets
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
ലോകത്തെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഈ കടലിടുക്കിലൂടെയുള്ള ഗതാഗതം നിലച്ച അവസ്ഥയിലാണ്. ഇറാൻ വിദേശ കപ്പലുകൾക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണി ഉയർത്തിയത് ഇന്ത്യ പോലുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു.
ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം 2.5 മുതൽ 2.7 മില്യൺ ബാരൽ വരെ എണ്ണ ഈ പാതയിലൂടെ വരാറുണ്ടായിരുന്നു. യുദ്ധസാഹചര്യത്തിൽ ആഭ്യന്തര ഇന്ധന ലഭ്യത ഉറപ്പാക്കാൻ പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും എൽപിജി റേഷനിങ് നടപ്പാക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിലവിലെ കരുതൽ എണ്ണ ശേഖരം രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രമേ തികയൂ എന്നാണ് വിവരങ്ങൾ. എണ്ണ വിതരണ ശൃംഖല സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും തീവ്ര ശ്രമത്തിലാണ്.
പ്രതിസന്ധി മറികടക്കാൻ ഇന്ത്യ അടിയന്തര ക്രൂഡ് സപ്ലൈ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുടെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ റഷ്യൻ ക്രൂഡ് വാങ്ങുന്നത് സജീവമായി പരിഗണിക്കുകയാണ് സർക്കാർ. പശ്ചിമേഷ്യയിലെ അസ്ഥിരത ഊർജ സുരക്ഷയെ ബാധിക്കാതിരിക്കാൻ റഷ്യയിൽ നിന്നുള്ള വിതരണം വർധിപ്പിക്കുകയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വഴി.