തമിഴ്നാട്ടിൽ കനത്തപോളിങ് തുടരുന്നു ;ബംഗാളില്‍ ബോംബേറ്,റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ചെന്നൈ: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോളിങ്ങാണ്. ബംഗാളിൽ ആദ്യ നാലു മണിക്കൂറിൽ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ രാവിലെ 11 മണി വരെ 37.56 ശതമാനം പേരാണ് വോട്ടു ചെയ്തത്. തമിഴ്‌നാട്ടിലെ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മുൻമുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ പനീർശെൽവം, നടനും ടിവികെ നേതാവുമായ വിജയ് തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തിയവരിൽപ്പെടുന്നു. സിനിമാതാരങ്ങളായ കമൽഹാസൻ എംപി, രജനീകാന്ത്, അജിത്, സൂര്യ, വിക്രം, ഖുഷ്ബു, ശിവകാർത്തികേയൻ, ധനുഷ്, ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് തുടങ്ങിയവർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
വോട്ടെടുപ്പിൽ ജനങ്ങൾ കാണിക്കുന്ന ആവേശം, ദ്രവീഡിയൻ മാതൃകയിലുള്ള ഭരണത്തിനും ക്ഷേമ പദ്ധതികൾക്കുമുള്ള പൊതുജന പിന്തുണയാണ് പ്രതിഫലിക്കുന്നതെന്ന് ഡിഎംകെ നേതാവ് എ രാജ വോട്ടു രേഖപ്പെടുത്തിയശേഷം പറഞ്ഞു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 200-ലധികം സീറ്റുകൾ നേടുമെന്നും, സ്റ്റാലിൻ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെടുപ്പിൽ ജനം ശരിയായ വിധിയെഴുത്ത് നടത്തുമെന്നും, എൻഡിഎ അധികാരത്തിലെത്തുമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.അതേസമയം, ബംഗാളിൽ ചിലയിടങ്ങളിൽ വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. മൂർഷിദാബാദ് ജില്ലയിലെ നൗഡയിൽ ബോംബേറുണ്ടായി. ഇതേത്തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലം ആം ജനത ഉന്നായൻ പാർട്ടി മേധാവി ഹുമയൂൺ കബീർ സന്ദർശിച്ചു. ഇതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ പൊലീസുമായി ഏറ്റുമുട്ടി. നൗഡയിലുണ്ടായ സംഘർഷത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി.വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപണത്തെത്തുടർന്ന് ഏതാനും പോളിങ് ബൂത്തുകളിൽ വോട്ടെടുപ്പ് വൈകുകയും ചെയ്തു. മൂർഷിദാബാദിലെ രത്‌നാഗഞ്ച് സ്‌കൂളിൽ വോട്ടിങ് മെഷീൻ തകരാർ മൂലം പോളിങ് വൈകിയത് പ്രതിഷേധത്തിന് കാരണമായി. ചിലയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതായും റിപ്പോർട്ടുണ്ട്. പശ്ചിമ ബംഗാളിൽ ആകെയുള്ള 294 സീറ്റിൽ 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 29 നാണ് ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്.