പുകവലിക്കാരില്‍ ടൈപ്പ് 2 പ്രമേഹം ഗുരുതരമാകും ; അകാലമരണത്തിനും കാരണമാകുമെന്ന് പഠനം

By :  Devina Das
Update: 2026-04-22 09:18 GMT

ന്യൂഡൽഹി: ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും അകാല മരണത്തിനും കാരണമാകുമെന്ന് പഠനം. പുകവലിക്കാർക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 37 ശതമാനം കൂടുതലാണെന്നാണ് 2026-ൽ ജേണൽ ഓഫ് ഡയബറ്റിസിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. ടൈപ്പ് 2 പ്രമേഹമുള്ളവർ പുകവലി അടിയന്തരമായി നിർത്തണം എന്നാണ് വിദഗ്ധരുടെ നിലപാട്.നിലവിലുള്ള പുകവലിക്കാരെ അപേക്ഷിച്ച് നേരത്തെ പുകവലി ഉപേക്ഷിച്ചവരിൽ മരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രമേഹ ബാധിതർ പുകവലി പൂർണമായും ഒഴിവാക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ ഇന്ത്യയിൽ പ്രമേഹ രോഗികളോട് പുകവലി നിർത്തൽ ഉപദേശം നൽകുന്ന പതിവില്ലെന്ന് പഠനത്തിന്റെ ഭാഗമായ പ്രൊഫ. അനൂപ് മിശ്ര ചൂണ്ടിക്കാട്ടുന്നു. ടൈപ് 2 പ്രമേഹമുള്ളവർ പുകവലി ശീലമാക്കുമ്പോൾ 'ഇത് ഹൃദയാഘാതത്തിനും കൈകാലുകൾ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് നയിക്കുന്നതിനുമുള്ള സാധ്യത പലമടങ്ങ് വർദ്ധിപ്പിക്കുന്നു. ഇക്കാര്യം രോഗികളോട് വ്യക്തമായി പങ്കുവയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും ഫോർട്ടിസ് സി-ഡിഒസി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡയബറ്റിസിന്റെ ചെയർമാനും വ്യക്തമാക്കുന്നു.

പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന രോഗങ്ങളിൽ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. 2022-ൽ, ആഗോള തലത്തിൽ പ്രായപൂർത്തിയായവരിൽ ഏകദേശം 828 ദശലക്ഷം പേർ പ്രമേഹ ബാധിതരാണെന്നാണ് കണക്കുകൾ. 1990 മുതൽ പരിശോധിച്ചാൽ ഏകദേശം 630 ദശലക്ഷം പേരുടെ വർധനയാണിത്.2023-ലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-ഇന്ത്യയുടെ പഠനമനുസരിച്ച്, 2021-ൽ ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം പ്രമേഹ രോഗികളും 136 ദശലക്ഷം പ്രീ ഡയബറ്റിക് ബാധിതരും 315 ദശലക്ഷം രക്താതിമർദ്ദമുള്ളവരുമുണ്ട്. ലോകമെമ്പാടും ഏകദേശം 1.3 ബില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കൂടാതെ പുകയില ഓരോ വർഷവും 7 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുന്നു, അവരിൽ ഭൂരിഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. ഇതിന് സമാന്തരമായാണ് ടൈപ് 2 പ്രമേഹ രോഗികളുടെ വളർച്ച.

Similar News